നിത്യവും സോഷ്യല്‍ മീഡിയയിലൂടെ പലതരത്തിലുള്ള വീഡിയോകളും ചിത്രങ്ങളും വാര്‍ത്തകളുമെല്ലാം നമ്മെ തേടിയെത്താറുണ്ട്. നമുക്ക് അറിവില്ലാത്ത കാര്യങ്ങള്‍, പുതിയ വിവരങ്ങള്‍, പൊടിക്കൈകള്‍ എന്നിങ്ങനെ പലതും പഠിക്കാനുള്ള അവസരം കൂടിയാണ് സോഷ്യല്‍ മീഡിയ പലപ്പോഴും ഒരുക്കാറുള്ളത്.
എന്നാല്‍ ചിലപ്പോഴെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ ഏറെ ശ്രദ്ധേയമാകാറുള്ള ചില വീഡിയോകളോ കുറിപ്പുകളോ ഫോട്ടോകളോ എല്ലാം നമ്മെ കൗതുകത്തിലോ അത്ഭുതത്തിലോ ആക്കുന്നതിന് ഒപ്പം തന്നെ ഏറെ ചിന്തിപ്പിക്കാറുമുണ്ട്.
അത്തരത്തിലുള്ളൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. എട്ടംഗ കുടുംബം ഒരു ബൈക്കില്‍ സഞ്ചരിക്കുന്നതാണ് വീഡിയോയിലുള്ളത്. വടക്കേ ഇന്ത്യയിലെ ഏതോ ഗ്രാമത്തില്‍ നിന്നാണിത് പകര്‍ത്തപ്പെട്ടതെന്ന് കരുതുന്നു. എന്നാല്‍ കൃത്യമായി ആര്- എവിടെ വച്ച്- എപ്പോള്‍ പകര്‍ത്തിയതാണെന്ന് വ്യക്തമല്ല.
അടുത്ത ദിവസങ്ങളിലാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ബൈക്കോടിക്കുന്നത് പുരുഷൻ തന്നെയാണ്. പിറകിലൊരു സ്ത്രീയുമിരിക്കുന്നു. എന്നിട്ട് ബൈക്കിന്‍റെ ഇരുവശത്തുമായി മരത്തിന്‍റെ രണ്ട് കാരിയര്‍ ഉണ്ടാക്കി അത് ബൈക്കില്‍ എങ്ങനെയോ ഘടിപ്പിച്ചിരിക്കുകയാണ്. ഇതില്‍ ഓരോന്നിലും മൂന്ന് പേര്‍ വീതം ആകെ ആറ് പേരിരിക്കുന്നു. അങ്ങനെ ഒരു ബൈക്കില്‍ ഒരേസമയം എട്ട് പേര്‍ക്ക് സഞ്ചരിക്കാനുള്ള സൗകര്യമാണിവര്‍ ഉണ്ടാക്കിയിരിക്കുന്നത്.
വലിയ അപകടസാധ്യതയാണ് ഇതോടെ ഇവരുണ്ടാക്കുന്നത്. എന്നാല്‍ കുടുംബത്തിന് ഒന്നിച്ച് സഞ്ചരിക്കാൻ പുതുമയുള്ളൊരു ആശയം എന്ന നിലയ്ക്ക് ഇവരിത് ചെയ്യുന്നതാണ്. ഇത് ആരും അനുകരിക്കരുതെന്നും ക്രിയാത്മകമായ ആശയം തന്നെ, പക്ഷേ ഇതിന് കയ്യടിക്കാനാകില്ലെന്നുമെല്ലാം വീഡിയോ കണ്ടവര്‍ കമന്‍റില്‍ കുറിച്ചിരിക്കുന്നു. നേരത്തെ മൂന്ന് ബൈക്കുകളിലായി 14 യുവാക്കള്‍ യാത്ര ചെയ്യുന്നൊരു വീഡിയോ ഇതുപോലെ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് ഉത്തര്‍പ്രദേശിലെ റായ് ബറേലിയില്‍ വച്ചാണ് പകര്‍ത്തപ്പെട്ടത്. വീഡിയോ വൈറലായതിന് പിന്നാലെ ഇവര്‍ക്കെതിരെ പൊലീസ് നടപടിയുണ്ടായിരുന്നു.