മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘ആറാട്ട്’ ഫെബ്രുവരി 18ന് തിയേറ്ററുകളില്‍ എത്തുകയാണ്. ആറാട്ടിന് തിയേറ്ററുകളില്‍ നിന്നും നല്ലൊരു തുക തന്നെ അഡ്വാന്‍സായി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍. വളരെ വലിയ മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന ആറാട്ട് കോവിഡ് പ്രതിസന്ധി മൂലം ഏതാണ്ട് ഒന്നര വര്‍ഷമായിട്ടു റിലീസ് ചെയ്യാതെ തിയേറ്ററുകളില്‍ എത്തിക്കാന്‍ പ്രതിബദ്ധതയോടെ കാത്തിരുന്ന ഒരാളാണ് താന്‍. ഒരിക്കല്‍ പോലും ഒ.ടി.ടി എന്ന സാധ്യത പരിഗണിച്ചിട്ടില്ല. വളരെയേറെ കഷ്ടപ്പാടുകള്‍ സഹിച്ച്, ഈ വലിയ ചിത്രം നിര്‍മ്മിച്ചു സംവിധാനം ചെയ്ത് തിയേറ്ററില്‍ എത്തിക്കുന്ന തന്നോടൊപ്പം താങ്ങും തണലുമായി ഫിയോക് നിലകൊള്ളണമെന്നും നല്ലൊരു തുക തിയേറ്ററുകളില്‍ നിന്നും അഡ്വാന്‍സ് ആയി തന്ന് സഹായിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
കൂടാതെ ഈ ചിത്രം ദിവസവും 4 ഷോകള്‍ വെച്ച് 2 അംഗങ്ങള്‍ക്കും കൊടുക്കണമെന്നും അഭ്യര്‍ഥിക്കുന്നുവെന്നും ബി. ഉണ്ണികൃഷ്ണന്‍ ഫിയോക്കിനോട് ആവശ്യപ്പെട്ടു. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഉദയ കൃഷ്ണ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ശ്രദ്ധ ശ്രീനാഥ്, നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.