ലഖ്നോ: റോഡരികിൽ പിതാവിന്റെ ഉന്തുവണ്ടിയിൽ ഭക്ഷണം വിൽക്കുകയും അഴുക്കുപാത്രങ്ങൾ കഴുകിത്തുടക്കുകയും ചെയ്തിരുന്ന മുഹമ്മദ് ഖാസിം ഇനി ന്യായാധിപന്റെ വേഷത്തിൽ. ഉത്തർ പ്രദേശിലെ സംഭൽ എന്ന പ്രദേശത്തെ ദരിദ്ര കുടുംബത്തിൽനിന്ന് ഉയരങ്ങളിലേക്ക് നടന്നുകയറിയ ചരിത്രമാണ് ഖാസിമിന്റേത്. ഉത്തർപ്രദേശ് പബ്ലിക് സർവിസ് കമീഷന്റെ 2022ലെ പ്രൊവിൻഷ്യൽ സിവിൽ സർവിസ് (ജുഡീഷ്യൽ) സിവിൽ ജഡ്ജ് ജൂനിയർ ഡിവിഷൻ പരീക്ഷയിൽ 135ാം റാങ്ക് നേടിയാണ് യുവാവ് സ്വപ്നപദവിയിലേക്ക് ചുവടുവെച്ചത്.
ചെറുപ്പത്തിൽ പിതാവിന്റെ തട്ടുകടയിൽ സഹായത്തിന് കൂടിയ ഖാസിമിന് ആദ്യ അവസരത്തിൽ പത്താം ക്ലാസ് പരീക്ഷ വിജയിക്കാനായിരുന്നില്ല. എന്നാൽ, തോറ്റുകൊടുക്കാൻ ഒരുക്കമല്ലാതിരുന്ന അവൻ പിന്നീടൊരിക്കലും തോറ്റിട്ടില്ല. അലീഗഢ് സർവകലാശാലയിൽ എൽ.എൽ.ബി ഉയർന്ന മാർക്കോടെ പൂർത്തിയാക്കിയ ഖാസിം 2019ൽ ഡൽഹി സർവകലാശാലയിൽനിന്ന് എൽ.എൽ.എം വിജയിച്ചത് ഒന്നാം റാങ്കോടെയാണ്. 2021ൽ യു.ജി.സി നെറ്റ് യോഗ്യതയും നേടി. ദരിദ്രമായ ചുറ്റുപാടിൽനിന്ന് കഠിനാധ്വാനത്തിലൂടെയും സമർപ്പണത്തിലൂടെയും ഉയരങ്ങളിലേക്കുള്ള ഖാസിമിന്റെ പ്രയാണത്തിൽ കരുത്തായി മാതാപിതാക്കളും നാട്ടുകാരുമെല്ലാമുണ്ടായിരുന്നു.