കൊച്ചി : പോപ്പുലർ ഫ്രണ്ട് റാലിക്കിടെ ആലപ്പുഴയിൽ കുട്ടിയെ കൊണ്ട് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ച കേസിൽ 31 പേർക്ക് ഹൈക്കോടതിയുടെ ജാമ്യം. കുട്ടിയുടെ അച്ഛൻ അസ്‍കർ ഉൾപ്പെടെ ഉള്ളവർക്കാണ് ജാമ്യം അനുവദിച്ചത്. സമാന കുറ്റക്യത്യങ്ങളില്‍ ഏർപ്പെടരുത്, സംസ്ഥാനം വിടരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. പോപ്പുലർ ഫ്രണ്ട് സംസ്ഥാന ട്രഷറർ കെ.എച്ച്.നാസർ ഉൾപ്പെടെ 31 പേരാണ് കേസിലെ പ്രതികൾ. റാലിക്ക് നേതൃത്വം നൽകിയത് നാസർ ആയിരുന്നു.
പത്ത് വയസ്സുകാരനെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ചത് ഇരുപത്തിയാറാം പ്രതി സുധീറാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. എസ്‍ഡിപിഐ തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറിയാണ് സുധീർ. കുട്ടിയുടെ അച്ഛന്റെ അടുത്ത സുഹൃത്ത് കൂടിയാണ് സുധീർ. ഇയാൾ അസ്കറിന്റെ പള്ളുരുത്തിയിലെ വീട്ടിൽ നിത്യ സന്ദർശകനായിരുന്നുവെന്നും പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. അച്ഛൻ അസ്‍കറും കുട്ടിയെ മുദ്രാവാക്യം വിളിക്കാൻ പഠിപ്പിച്ചെന്ന് പൊലീസ് കണ്ടെത്തി. റാലിക്കിടെ കുട്ടി മുഴക്കിയ വിദ്വേഷ മുദ്രാവാക്യം അസ്കർ ഏറ്റുചൊല്ലിയിരുന്നു. ആലപ്പുഴയിൽ ഈ സംഭവത്തിന് മുമ്പും അതിന് ശേഷവും മതസ്പർധ ആളിക്കത്തിക്കുന്നതിനുള്ള ബോധപൂർവമായ ഇടപെടൽ ഉണ്ടായിരുന്നതായും പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.