തിരുവനന്തപുരം > വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഴിമതി നടന്നാല്‍ കര്‍ശനമായ നടപടികള്‍ ഉണ്ടാകുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ ഒരു സ്‌കൂളിലും അധ്യാപകര്‍ ഇല്ലാത്ത സാഹചര്യം ഉണ്ടാകരുത്. അച്ചടക്ക നടപടി എടുക്കേണ്ടതില്‍ കാലതാമസം ഉണ്ടാകരുതെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
വിദ്യാഭ്യാസ ഓഫീസുകളില്‍ അഴിമതി നിലനില്‍ക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. അത് ഒരുതരത്തിലും അനുവദിക്കാന്‍ സാധിക്കുകയില്ല. പല ഓഫീസുകളിലും ഫയലുകള്‍ കെട്ടിക്കിടക്കുന്നു. ഫയലുകള്‍ പിടിച്ചു വയ്‌ക്കുന്നതില്‍ വിട്ടുവീഴ്‌ചയില്ലാത്ത നടപടി സ്വീകരിക്കും. സര്‍ക്കാര്‍ അധ്യാപകര്‍ ട്യൂഷന്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നതായി പരാതി ലഭിച്ചിട്ടുണ്ട് ഇതില്‍ വിശദമായ അന്വേഷണം ഉണ്ടാകും മന്ത്രി പറഞ്ഞു.
എസ് എസ് എൽ സി മൂല്യനിർണയത്തില്‍ 2200 പേർ കാരണം കാണിക്കാതെ ഹാജരായില്ല. 1508 പേർ ഹയർ സെക്കൻഡറിയിലും ഹാജരായില്ല. 3708 പേർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. പാഠപുസ്തകങ്ങളുടെ 88 ശതമാനം അച്ചടിയും പൂർത്തിയായി. കെട്ടിക്കിടക്കുന്ന പഴയ പാഠപുസ്തകങ്ങൾ നീക്കം ചെയ്യും. സ്‌കൂൾ യൂണിഫോം എത്രയും വേഗം വിദ്യാർഥികൾക്ക് എത്തിക്കും. ലഹരിമുക്ത സ്‌കൂൾ ക്യാമ്പസുകൾ സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കും. അധ്യാപകർ നല്ലതുപോലെ ഇതിനായി ഇടപെടേണ്ടതുണ്ട്. സ്‌കൂൾ തല ജാഗ്രതാ സമിതികൾ കൃത്യമായി പ്രവർത്തിക്കുകയും വേണമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.