കോഴിക്കോട്: ബംഗളൂരുവിൽ നിന്ന് വിൽപ്പനയ്ക്കായി കൊണ്ടുവന്ന് എൻഐടി കേന്ദ്രീകരിച്ച് മാരക ലഹരിമരുന്നായ എംഡിഎംഎ വിൽപ്പന നടത്തിയിരുന്ന യുവാവ് അറസ്റ്റിൽ. മലപ്പുറം കോട്ടപ്പുറം കര്യംപറമ്പത്ത് വീട്ടിൽ ശിഹാബുദ്ദീൻ (45 ) ആണ് കോഴിക്കോട് ആന്റി നർകോടിക് സെല്ലിന്റെ പിടിയിലായത്. സെല്ലിന്റെ അസിസ്റ്റന്റ് കമീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആന്റി നർകോടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും ( ഡാൻസഫ് ) ചേവായൂർ സബ് ഇൻസ്‌പെക്ടർ ആർ എസ് വിനയന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ചേർന്ന് വാഹന പരിശോധനക്കിടെയാണ് ശിഹാബുദ്ദീനെ പിടികൂടിയത്.
വാഹനത്തിൽ നിന്നും ഇയാളുടെ ചേവായൂരിലെ ഫ്ലാറ്റിൽ നിന്നുമായി 300 ഗ്രാമോളം എം ഡി എം എ പൊലീസ് പിടികൂടി. ഗൾഫിലായിരുന്ന ഇയാൾ ജോലി നിർത്തി നാട്ടിലെത്തിയതിന് ശേഷം മയക്കുമരുന്ന് വിൽപ്പനയിലേക്ക് സജീവമാകുകയായിരുന്നു. അധ്യയന വർഷം ആരംഭിച്ചതോടെ കോഴിക്കോട് സിറ്റി പരിധിയിലെ സ്‌കൂൾ, കോളേജുകൾ കേന്ദ്രികരിച്ച് ലഹരി മാഫിയകൾ സജീവമാകുന്നതായി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ രാജ്പാൽ മീണയ്ക്ക് വിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ പത്ത് ദിവസത്തെ ആന്റി നർകോടിക് സ്‌പെഷ്യൽ ഡ്രൈവ് നടന്നുവരവേ അതുമായി ബന്ധപ്പെട്ട് നടത്തിയ വാഹന പരിശോധനയിലാണ് എൻ ജി ഒ ക്വാർട്ടേഴ്‌സിന് സമീപത്തുനിന്നും ഇയാൾ പൊലീസ് പിടിയിലാവുന്നത്. ഡൻസാഫ് സബ് ഇൻസ്‌പെക്ടർ മനോജ് ഇടയേടത്, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ അബ്‍ദുറഹിമാൻ, എസ് സി പി ഒ അഖിലേഷ് കെ, അനീഷ് മൂസാൻവീട്, സിപിഒമാരായ ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, അർജുൻ അജിത്ത്, ചേവായൂർ സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ വിനയൻ ആർ എസ്, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ സജി മാണിയേടത്, എസ് സി പി ഒ ദിവ്യശ്രീ, ലിവേഷ് തുടങ്ങിയവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.