കണ്ണൂർ : കണ്ണൂരിൽ ഡിവൈഎഫ്ഐ വനിതാ നേതാവിന് അശ്ലീലസന്ദേശമയച്ച സിപിഎം നേതാവിനെതിരെ പരാതിപ്പെട്ടതിന് ഏഴ് സിപിഎം നേതാക്കൾക്കെതിരെ അച്ചടക്കനടപടി വരും. മൂന്ന് ലോക്കൽ കമ്മറ്റി അംഗങ്ങൾ, മൂന്ന് മുൻ ലോക്കൽ കമ്മറ്റി അംഗങ്ങൾ, രണ്ട് പാർട്ടി അംഗങ്ങൾ എന്നിവർക്കെതിരെയാണ് നടപടി. പരാതിപ്പെട്ടവർക്കെതിരായ നടപടി ഇങ്ങനെ: ആലപ്പടമ്പ് വെസ്റ്റ് ലോക്കൽ കമ്മറ്റിയംഗം പി ഗോപിനാഥിനെ കമ്മറ്റിയിൽ നിന്ന് പുറത്താക്കി. രണ്ട് ലോക്കൽ കമ്മറ്റി അംഗങ്ങളെ പരസ്യമായി ശാസിച്ചു. രണ്ട് പാർട്ടി മെമ്പർമാരെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻ്റ് ചെയ്തു. രണ്ട് പാർട്ടി മെമ്പർമാരെ താക്കീത് ചെയ്തു.
ആരോപണവിധേയനായ ഏരിയ കമ്മറ്റിയംഗം സുനിൽകുമാറിനെ സ്വഭാവദൂഷ്യത്തെ തുടർന്ന് നേരത്തെ തരം താഴ്ത്തിയിരുന്നു. പക്ഷേ ഇയാളിപ്പോഴും കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്ത് പ്രസിഡന്‍റായി തുടരുകയാണ്. ഈ സ്ഥാനത്ത് നിന്ന് നീക്കാനിത് വരെയും പാർട്ടി തയ്യാറായിട്ടില്ല. ഇതിനെതിരെ വലിയ പ്രതിഷേധമുയരുമ്പോഴാണ് പരാതിപ്പെട്ടവർക്കെതിരായ പാർട്ടി നടപടി.
രണ്ട് വർഷം മുമ്പാണ് അന്ന് ഡിവൈഎഫ്ഐ നേതാവായിരുന്ന സുനിൽ കുമാറിനെതിരെ ഡിവൈഎഫ്ഐയിൽ നിന്ന് തന്നെയുള്ള വനിതാ നേതാവ് പരാതി നൽകുന്നത്. വാട്സാപ്പ് വഴി അശ്ലീലസന്ദേശമയച്ചുവെന്നായിരുന്നു ഏരിയ കമ്മിറ്റിക്ക് നൽകിയ പരാതിയിൽ. രണ്ട് വർഷമായിട്ടും ആ പരാതിയിൽ ഒരു നടപടിയുമെടുത്തില്ല ഏരിയ കമ്മിറ്റി. ഇപ്പോൾ സുനിൽ കുമാർ കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്ത് പ്രസിഡന്‍റാണ്. നടപടിയൊന്നുമാവാത്തതിനെ തുടർന്നാണ് രണ്ട് വർഷത്തിന് ശേഷം യുവതി വാട്സ് ആപ്പ് സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ട് അടക്കം വെച്ച് കണ്ണൂർ ജില്ലാ കമ്മറ്റിക്ക് പരാതി നൽകിയത്. തുടർന്ന് സുനിൽകുമാറിനെ അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തു.
യുവതിയുടെ പരാതി ഏരിയ കമ്മറ്റിക്ക് മുൻപിൽ ഉണ്ടായിരുന്ന അതേ ഘട്ടത്തിലാണ് സുനിൽകുമാർ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും പഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തത്. നടപടി എടുത്തിട്ടും പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് നീക്കാത്തതിനെതിരെ യുഡിഎഫ് പ്രത്യക്ഷ സമരം തുടങ്ങിയിരുന്നു. സുനിൽ കുമാറിനെ ഉടൻ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് മാറ്റി നിർത്തണമെന്ന ആവശ്യം പ്രദേശത്തെ സി പി എം പ്രവർത്തകർക്കിടയിലും ശക്തമാണ്.