കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ അന്വേഷണ വിവരങ്ങള്‍ ചോരരുതെന്ന് ക്രൈംബ്രാഞ്ച് മേധാവിയുടെ നിർദ്ദേശം. പുതുതായി ചുമതലയേറ്റ ക്രൈംബ്രാഞ്ച് മേധാവി ഷെയ്ക്ക് ദർവേസ് സാഹിബാണ് അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകിയത്. അന്വേഷണ പുരോഗതി വിലയിരുത്താൻ ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥരുമായുള്ള ചർച്ചയിലായിരുന്നു നിർദ്ദേശം. അന്വേഷണ വിവരം ചോരുന്നതിൽ കോടതി അതൃപ്തി പ്രകടമാക്കിയിരുന്നു. അഭിഭാഷക സംഘടനകളും പരാതിയുമായി സർക്കാരിനെ സമീപിച്ചിട്ടുണ്ട്. കോടതിയിൽ നിന്നും വിമർശനമേൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർദ്ദേശിച്ചു. അന്വേഷണം ശരിയായ ദിശയിലാണെന്നും വിലയിരുത്തി. നടിയെ ആക്രമിച്ച കേസിന്‍റെ തുടരന്വേഷണം പൂർത്തിയാക്കാൻ കോടതി നൽകിയിരിക്കുന്ന സമയ പരിധി അടുത്ത മാസം 30 ന് അവസാനിക്കും.
അതേസമയം നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് നടന്‍ രവീന്ദ്രന്‍ സത്യാഗ്രഹസമരം ആരംഭിച്ചു. സിനിമാ മേഖലയിൽ നിന്ന് ആദ്യമായാണ് അതിജീവിതയ്ക്ക് പിന്തുണയുമായൊരു നടൻ പ്രത്യക്ഷ സമരത്തിനിറങ്ങുന്നത്. നടി ആക്രമിക്കപ്പെട്ട് അഞ്ചുവർഷം പിന്നിടുമ്പോഴും അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം തുടരുന്നെന്നാരോപിച്ചാണ് നടൻ രവീന്ദ്രനടക്കുമുള്ളവരുടെ പ്രതിഷേധം. നടി കേസിൽ സംഭവിക്കുന്നതാണ് ഇരയുടെ പേര് പറയുന്നതിനടക്കം നിർമാതാവ് വിജയ് ബാബുവിനെ പോലുള്ളവർക്ക് ധൈര്യം നൽകുന്നത്. ഈ സാഹചര്യത്തിലാണ് അന്തരിച്ച മുൻ എംഎൽഎ പിടി തോമസ് തുടങ്ങിവെച്ച സമരം തുടരുന്നതെന്നും സമരസംഘാടകർ പറഞ്ഞു. എറണാകുളം ഗാന്ധി സ്ക്വയറിൽ ഫ്രണ്ട്സ് ഓഫ് പിടി ആന്റ് നേച്ചർ എന്ന സംഘടനയുടെ നേതൃത്വലാണ് രവീന്ദ്രന്‍ സത്യഗ്രഹ സമരം ഇരിക്കുന്നത്. പി ടി തോമസിന്‍റെ ഭാര്യ ഉമ തോമസും വേദിയിലെത്തിയിരുന്നു. പി ടി തോമസ് ഉണ്ടായിരുന്നു എങ്കില്‍ നടിക്കൊപ്പം ഉറച്ച് നിന്നേനെ. സംഭവദിവസം പി ടി തോമസ് അനുഭവിച്ച സമ്മര്‍ദ്ദം നേരിട്ട് കണ്ടിട്ടുണ്ടെന്നും ഉമ തോമസ് പറഞ്ഞു.