കാബൂൾ: താലിബാൻ അധികാരം ഏറ്റെടുത്തതിന് ശേഷം സ്ത്രീകളെ കൂടുതൽ അടിച്ചമർത്തുന്ന രാജ്യമായി അഫ്ഗാനിസ്ഥാൻ മാറിയെന്ന് യു.എൻ. ലോക വനിതാദിനത്തിലാണ് അഫ്ഗാനിസ്ഥാനിൽ താലിബാൻ സ്ത്രീകൾക്കു നേരെ നടത്തുന്ന മനുഷ്യാവകാശ ലംഘന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി യുഎൻ രംഗത്തെത്തിയത്. സ്ത്രീകളേയും കുട്ടികളേയും അവരുടെ വീടുകളിൽ മാത്രമായി തളച്ചിടുന്ന നിയമമാണ് അഫ്ഗാനിസ്ഥാനിലെ പുതിയ ഭരണാധികാരികൾ നടത്തുന്നതെന്നും യുഎൻ പറയുന്നു.
2021ൽ അമേരിക്കൻ സേനയിൽ നിന്ന് അധികാരം ഏറ്റെടുക്കുമ്പോൾ നിലപാടുകൾ മയപ്പെടുത്തിയിരുന്നെങ്കിലും അധികാരത്തിൽ വന്നതിനു ശേഷം താലിബാൻ നിലപാട് കടുപ്പിക്കുകയായിരുന്നു. ആറാം ക്ലാസിന് മുകളിലേക്കുള്ള വിദ്യാഭ്യാസം പെൺകുട്ടികൾക്ക് നിഷേധിച്ചു. പാർക്കുകളിലും ജിമ്മുകളിലുമുൾപ്പെടെ സ്ത്രീകളെ വിലക്കി, സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നത് നിരോധിച്ചു, കൂടാതെ മുഖം മുതൽ കാൽവരെ മറക്കണം എന്നതുൾപ്പെടെ നിരവധി നിയമങ്ങൾ കൊണ്ടുവന്നു.
സ്ത്രീകളുടെ അവകാശങ്ങൾ അടിച്ചമർത്തുന്ന കാര്യത്തിൽ ലോകത്തിലെ ഏറ്റവും മോശപ്പെട്ട രാജ്യമായി താലിബാന്റെ കീഴിലുള്ള അഫ്ഗാനിസ്ഥാൻ മാറിയെന്ന് യുഎൻ സെക്രട്ടറി ജനറലായ റോസ ഒട്ടുംബയോവ പറഞ്ഞു. സ്ത്രീകളെയും പെൺകുട്ടികളെയും പൊതുമണ്ഡലത്തിൽ നിന്ന് പുറത്താക്കുന്ന ആസൂത്രിതമായ ശ്രമങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടി വരുന്നത് വേദനാജനകമാണെന്നും റോസ ഒട്ടുൻബയോവ കൂട്ടിച്ചേർത്തു.
നേരത്തെ, സ്വകാര്യ അഫ്ഗാൻ സർവകലാശാലകളില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് താലിബാന്‍ മാർഗരേഖ പുറത്തിറക്കിയിരുന്നു. വിദ്യാർഥിനികള്‍ നിർബന്ധമായും മുഖം മറയ്ക്കണം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമിടയില്‍ മറവേണം. പെൺകുട്ടികളെ വനിതാ അധ്യപകർ തന്നെ പഠിപ്പിക്കണം തുടങ്ങിയവയാണ് മാർഗരേഖയിലുള്ളത്. സർവ്വകലാശാലകൾ തുറന്ന് പ്രവർത്തിക്കുന്ന സമയത്താണ് ഉത്തരവ് ഇറക്കിയത്.