ന്യൂഡൽഹി: കോൺഗ്രസ് മുഖപത്രം നാഷനൽ ഹെറാൾഡുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടിൽ മല്ലികാർജുൻ ഖർഗെയ്ക്കു പിന്നാലെ പാർട്ടി ട്രഷറർ പവൻ കുമാർ ബൻസലിനെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. ഇന്നലെ ഇഡി ആസ്ഥാനത്തു വിളിച്ചുവരുത്തിയായിരുന്നു ചോദ്യംചെയ്യൽ.
ദിനപത്രത്തിന്റെ നടത്തിപ്പുകാരായിരുന്ന അസോഷ്യേറ്റഡ് ജേണൽ ലിമിറ്റഡിന്റെ (എജെഎൽ) ബാധ്യതകളും ഓഹരികളും യങ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനി ഏറ്റെടുത്തതിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്നാണ് ഇഡി അന്വേഷിക്കുന്നത്. എജെഎല്ലിന്റെ മാനേജിങ് ഡയറക്ടറാണു ബൻസൽ.
ക്രമക്കേടിൽ രാഹുൽ ഗാന്ധി, സോണിയ ഗാന്ധി എന്നിവരടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി നൽകിയ ഹർജി ഡൽഹി കോടതിയുടെ പരിഗണനയിലാണ്. 2010 മുതൽ യങ് ഇന്ത്യ കമ്പനിയുടെ ഡയറക്ടർ പദവി വഹിക്കുന്ന രാഹുൽ നികുതി വെട്ടിപ്പ് നടത്തിയെന്നാണു പരാതി.