തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതൽ ജീവനൊടുക്കിയ 42 കര്‍ഷകരെന്ന് മന്ത്രി പി. പ്രസാദ് നിയമസഭയെ അറിയിച്ചു. കർഷകരുടെ കുടുംബങ്ങൾക്ക് സഹായ ധനമായി നൽകിയത് 44 ലക്ഷം രൂപയാണ്. നിയമസഭയിൽ പ്രതിപക്ഷ എം.എൽ.എ ടി. സിദ്ധിഖിന്റെ ചോദ്യത്തിന് മന്ത്രി പി പ്രസാദ് രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
2016 ൽ ഒരു കര്‍ഷകൻ മാത്രമാണ് ജീവനൊടുക്കിയത്. ഏറ്റവും കൂടുതൽ കര്‍ഷകര്‍ ജീവനൊടുക്കിയത് 2019 ലായിരുന്നു 13. ഒൻപത് കര്‍ഷകര്‍ 2023 ൽ ജീവനൊടുക്കി. 2017 ൽ ഒരാളും 2018 ൽ ആറ് പേരും 2020 ൽ നാല് പേരും 2021, 2022 വര്‍ഷങ്ങളിൽ മൂന്ന് പേര്‍ വീതവും, 2024 ൽ ഇതുവരെ രണ്ട് പേരും ജീവനൊടുക്കിയെന്നാണ് കൃഷി വകുപ്പ് മന്ത്രിയുടെ മറുപടി.
കർഷക ആത്മഹത്യയായി സ്ഥിരീകരിച്ച് കഴിഞ്ഞാൽ ജില്ലാ കളക്ടറുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ കർഷകന്റെ ആശ്രിതർക്ക് ധനസഹായവും കട ഭീഷണിയുള്ള വിഷയങ്ങളിൽ ഉദാരമായ നിലപാട് സ്വീകരിക്കുവാൻ ബാങ്കുകൾക്ക് നിർദ്ദേശങ്ങളും നൽകാറുണ്ട്. റവന്യൂ വകുപ്പിൽ നിന്നും സാമ്പത്തിക സഹായമായി 44 ലക്ഷം രൂപ അനുവദിച്ച് നൽകിയിട്ടുണ്ട്. ജപ്തി ഭീഷണി നേരിടേണ്ട സാഹചര്യം ഉണ്ടായതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല.
സംസ്ഥാനത്ത് കൃഷിയിൽ നിന്നും മതിയായ വരുമാനം ഉറപ്പാക്കുന്നതിനായി പല പദ്ധതികളും ആവിഷ്കരിച്ചു നടപ്പിലാക്കി. ഇതിൽ സാമ്പത്തികവും, സാങ്കേതികവുമായ സഹായങ്ങൾ ഉൾപ്പെടുന്നു. സംസ്ഥാന, കേന്ദ്ര, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ കർഷകരുടെ ഉന്നമനത്തിനായി പദ്ധതികൾ നടപ്പിലാക്കിയെന്നും മന്ത്രി മറുപടി നൽകി.