വേനൽച്ചൂട് ഉയർന്നുകൊണ്ടിയിരിക്കുമ്പോൾ ഇന്ത്യയിൽ എസി ആഡംബരമല്ലാതായിട്ട് കാലങ്ങളായി. വർക്– ഫ്രം– ഹോം തുടരുന്നതിനാൽ വീടുകളിൽ പകലും പ്രവർത്തിക്കുന്ന എസികളുടെ എണ്ണം കൂടിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഉപയോഗ സമയവും ഉയർന്നു. വീടിന്റെ പലഭാഗങ്ങളും വർക് സ്റ്റേഷനായി മാറുമ്പോൾ മറ്റുള്ളവർക്കായി, പ്രത്യേകിച്ച് മാതാപിതാക്കൾക്കും കുട്ടികൾക്കുമായി പ്രത്യേകം എസി വാങ്ങുന്നതും ആവശ്യമായിരിക്കുന്നു. കോവിഡ് കാലത്തിനു ശേഷം എസി വിപണിയിൽ ശരിക്കും വിസ്ഫോടനമാണു നടക്കുന്നത്. വില ഉയർന്നിട്ടും വിൽപന കുതിക്കുന്നതിനുപിന്നിൽ പല കാരണങ്ങളാണ് എസി നിർമാതാക്കൾ കാണുന്നത്. അന്തരീക്ഷ വായു ശുദ്ധീകരണം എസിയുടെ വലിയ കടമയായിത്തന്നെ ഇപ്പോൾ ജനം കാണുന്നു എന്നതാണ് പ്രീമിയം ഉൽപന്ന ബ്രാൻഡ് ആയ പാനസോണിക്കിന്റെ അനുഭവം.
വായുവിലെ സൂക്ഷ്മകണങ്ങളെ നിർവീര്യമാക്കുന്ന നാനോ–ഇ ഏറെ മുൻപു തന്നെ അവതരിപ്പിച്ചു പ്രശസ്തമാക്കിയ പാനസോണിക് ഇപ്പോൾ മുറികളുടെ വായുശുദ്ധി കൂടുതൽ ഉറപ്പാക്കുന്ന നാനോഇ ടിഎംഎക്സ്, നാനോഇ ടിഎംജി എന്നീ പുതിയ ടെക്നോളജികൾ കൂടി കൊണ്ടുവന്നിരിക്കുകയാണെന്ന് പാനസോണിക് ഇന്ത്യ എയർ കണ്ടിഷനേഴ്സ് ഗ്രൂപ്പ് ബിസിനസ് ഹെഡ് ഗൗരവ് സാ പറയുന്നു. വായുവിലും പ്രതലങ്ങളിലുമുള്ള ബാക്ടീരിയകളെയും വൈറസുകളെയും നിർവീര്യമാക്കാനാകും. പിഎം 2.5 വിഭാഗത്തിലെ സൂക്ഷ്മപൊടികൾ ഒഴിവാക്കാനും പുതിയ സാങ്കേതിക വിദ്യ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
‘എസി– ആരോഗ്യമുള്ള വീടുകൾക്ക്’ എന്ന ആശയത്തിനു വലിയ സ്വീകാര്യതയാണ് കമ്പനികൾക്കു ലഭിക്കുന്നത്. കോവിഡ് മഹാമാരി വന്നതോടെയുണ്ടായ മാറ്റമാണിതെന്നു പറയാം. എയർ പ്യൂരിഫയർ ഇപ്പോൾ കാറുകളിലെ എസിയിൽപ്പോലും അവിഭാജ്യഘടകമായി. എസി ഉപയോഗം കൂടുമ്പോൾ വൈദ്യുതിയുടെ ഉപഭോഗം കൂടുമെന്ന ആശങ്ക അകറ്റാനും കമ്പനികൾ പരിശ്രമിക്കുന്നു. ഉയർന്ന എനർജി–സേവിങ് നിലവാരമുള്ള സാങ്കേതികവിദ്യകൾ ലഭ്യമാണ് എന്നത് ഉപഭോക്താക്കളെയും എസി ഉപഭോഗത്തിലേയ്ക്ക് ആകർഷിക്കുന്നുണ്ട്. കൂളിങ് നില അനുസരിച്ച് വൈദ്യുത ഉപഭോഗം ക്രമീകരിക്കുന്ന ഇൻവെർട്ടർ ടെക്നോളജി ഉദാഹരണമാണ്. ഇതിനുമപ്പുറത്തേക്കും ടെക‌്നോളജി വളർന്നിരിക്കുന്നു. മുറിയിൽ ആൾ ഉണ്ടോ, ഉണ്ടെങ്കിൽ എവിടെ, സൂര്യപ്രകാശം എത്രത്തോളം കടന്നുവരുന്നുണ്ട് എന്നൊക്കെ നോക്കി കൂളിങ് പവർ ക്രമീകരിക്കുന്ന ഇക്കോനാവി ഇന്റലിജന്റ് സെൻസറുകൾ പാനസോണിക് ആവ്ഷ്കരിച്ചത് ഉദാഹരണം.
എസിയെ മൊബൈൽ ഫോൺ വഴി കണക്ട് ചെയ്ത് നിയന്ത്രിക്കാവുന്ന സൗകര്യം ഇപ്പോൾ സാധാരണമായിരിക്കുന്നു. ഇതുകാരണം എസിയുടെ പ്രവർത്തന വിശകലനം കൺസ്യൂമർക്കു വളരെ എളുപ്പവുമായി.എസി ഒരു ലൈഫ്സ്റ്റൈൽ ഉൽപന്നമായിക്കണ്ട് വാങ്ങുന്ന ചെറുപ്പക്കാരാണ് ഇപ്പോഴത്തേത്. ഇ–കൊമേഴ്സ് വ്യാപകമായതോടെ നഗരമെന്നോ വിദൂര ഗ്രാമമെന്നോ വ്യത്യാസമില്ലാതെതന്നെ എല്ലാവർക്കും ലേറ്റസ്റ്റ് മോഡലുകൾ കണ്ടെത്താനും ഓഫറുകൾ നേടാനുമൊക്കെ കഴിയുന്നു. 5 സ്റ്റാർ ഇൻവെർട്ടർ എസി പോലും ചെറുകിട പട്ടണങ്ങളിൽ ജനപ്രിയമാകുന്നതിന്റെ ഒരു കാരണമാണിത്.
കേരളമുൾപ്പെടുന്ന ദക്ഷിണേന്ത്യയിൽ ഇൻവെർട്ടർ എസികൾക്കു വൻ ഡിമാൻഡാണ്. മൊത്തം ദക്ഷിണേന്ത്യൻ വിൽപനയുടെ 15–20% കേരളത്തിൽനിന്നാണെന്ന് പാനസോണിക് ബിസിനസ് മേധാവി പറഞ്ഞു. 2020 സാമ്പത്തികവർഷത്തെ അപേക്ഷിച്ച് 45% വിൽപന വർധനയാണ് 2021ൽ കമ്പനി നേടിയത്. ഇക്കൊല്ലം വിപണി അതിനെക്കാൾ വലുതാകുമെന്നാണ് കണക്ക്.