ദില്ലി: എയർ ഇന്ത്യ എക്സ്പ്രസിലെ ജീവനക്കാരുടെ സമരത്തെ തുടർന്ന് അധികൃതരെയും ജീവനക്കാരെയും ദില്ലിയില്‍ ചർച്ചക്ക് വിളിച്ച് കേന്ദ്ര സർക്കാർ. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് യോഗം വിളിച്ചിരിക്കുന്നത്. സമരത്തെ തുടർന്ന് നിരവധി വിമാന സർവീസുകളാണ് ഇന്നലെയും ഇന്നുമായി റദ്ദാക്കിയത്. യാത്രക്കായി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് മിക്കവരും സർവീസ് റദ്ദാക്കിയ വിവരം അറിഞ്ഞത്. പലയിടത്തും ഇത് വൻപ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
സംഭവത്തെ തുടർന്ന് അവധിയെടുത്ത ജീവനക്കാർക്കെതിരെ കമ്പനി കർശന നടപടി സ്വീകരിച്ചിട്ടുണ്ട്. 30 ജീവനക്കാർക്കാണ് പിരിച്ചുവിടൽ നോട്ടീസ് നൽകിയിരിക്കുന്നത്. 76 വിമാന സർവീസുകള്‍ ഇന്ന് തടസ്സപ്പെട്ടേക്കുമെന്ന് അറിയിപ്പുണ്ട്. ഇന്നലെ 90 ലധികം ആഭ്യന്തര അന്താരാഷ്ട്ര വിമാന സർവീസുകളാണ് മിന്നൽ പണിമുടക്കിനെ തുടർന്ന് റദ്ദാക്കേണ്ടിവന്നത്. ജീവനക്കാർ ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ കമ്പനി എംഡി അലോക് സിങ് ചർച്ചക്ക് ക്ഷണിച്ചിട്ടുണ്ട്. നൂറിലധികം സീനിയർ ക്രൂ അംഗങ്ങളാണ് ഇന്നലെ കൂട്ട അവധി എടുത്തത്. വിഷയത്തിൽ ഇടപെട്ട വ്യോമയാന അതോറിറ്റി കമ്പനിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.