ദില്ലി: രാജ്യത്തെ ഏറ്റവും പുതിയ വിമാന കമ്പനിയായ ‘അകാസാ’ എയർ പറക്കാൻ ഒരുങ്ങുന്നു. മുംബൈ-അഹമ്മദാബാദ് റൂട്ടിലാണ് ആദ്യ സർവീസ്. ഇതിന് മുന്നോടിയായി ടിക്കറ്റ് ബുക്കിംഗ് തുടങ്ങി. കൊച്ചി-ബെംഗളൂരു റൂട്ടിലും അടുത്ത മാസം സർവീസ് തുടങ്ങും. തൊട്ടതെല്ലാം പൊന്നാക്കുന്ന ഓഹരി വിപണിയിലെ ‘ബിഗ്‍ബുൾ’. രാകേഷ് ജുൻജുൻവാലയുടെ സ്വപ്ന പദ്ധതിയായ ‘അകാസ’ എയർ പറന്നുയരാൻ പോവുന്നു. ഓഗസ്റ്റ് 7ന് മുംബൈ-അഹമ്മദാബാദ് റൂട്ടിലാണ് ആദ്യ സർവീസ്. ആഴ്ചയിൽ 28 സർവീസുകളാണ് ഈ റൂട്ടിലുഉള്ളത്. ഓഗസ്റ്റ് 12 മുതൽ കൊച്ചി-ബെംഗളൂരു സർവീസും ആരംഭിക്കും.
ഇരുവശത്തേക്കുമായി ദിവസേന നാല് സർവീസുകൾ. 3,282 രൂപയാണ് ടിക്കറ്റ് നിരക്ക്. മറ്റ് സർവീസുകളെ അപേക്ഷിച്ച് ഒരൽപം കുറഞ്ഞ നിരക്കാണിത്. അൾട്രാ ലോ കോസ്റ്റ് എയർലൈൻസ് എന്നാണ് ഉടമകൾ ‘അകാസാ’ എയറിനെ വിശേഷിപ്പിക്കുന്നത്. രണ്ട് ബോയിംഗ് 737 വിമാനങ്ങളാണ് രണ്ട് റൂട്ടുകളിലെ സർവീസുകൾക്കായി ഉപയോഗിക്കുക. 73 വിമാനങ്ങൾ നിർമിച്ച് നൽകാൻ ബോയിംഗുമായി കരാറുണ്ട്. വിമാനങ്ങളെത്തുന്ന മുറയ്ക്ക് മറ്റ് റൂട്ടുകളിലും സർവീസ് വ്യാപിപ്പിക്കും. ഇക്കഴിഞ്ഞ ജൂലൈ 7നാണ് ‘അകാസ’യ്ക്ക് അന്തിമ അനുമതിയും കിട്ടിയത്.
എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് ലഭിച്ച വിവരം അകാസ എയർ ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു. ഇത് ഒരു സുപ്രധാന നാഴികക്കല്ലാണ് എന്നായിരുന്നു ട്വീറ്റ്. കഴിഞ്ഞ ദിവസം’ അകാസ’ എയർ ക്യാബിൻ ക്രൂവിനുള്ള പരിസ്ഥിതി സൗഹൃദ യൂണിഫോം പുറത്തിറക്കിയിരുന്നു. കോടീശ്വരനായ രാകേഷ് ജുൻജുൻവാലയുടെയും ഇൻഡിഗോയുടെ മുൻ പ്രസിഡന്റ് ആദിത്യ ഘോഷിന്റെയും പിന്തുണയുള്ള എയർലൈൻ 2021 ഓഗസ്റ്റ് ആദ്യ പകുതിയിൽ ആണ് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ നിന്ന് നോ ഒബ്‍ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) നേടിയത്.