കണ്ണൂർ: നവംബർ ഒന്നു മുതൽ റവന്യൂ വകുപ്പിന്റെ കീഴിലുള്ള കേരളത്തിലെ എല്ലാ ഓഫിസുകളും സമ്പൂർണ ഇ-ഓഫിസുകളായി മാറുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. പുതിയതായി നിർമിച്ച കാഞ്ഞിരോട്, മുണ്ടേരി സ്മാർട്ട് വില്ലേജ് ഓഫിസ് കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സമ്പൂർണ ഡിജിറ്റലൈസേഷനിലൂടെ, അതിവേഗതയിൽ സുതാര്യ സേവനം ഉറപ്പാക്കാനാകുന്ന കേന്ദ്രങ്ങളായി കേരളത്തിന്റെ റവന്യൂ വകുപ്പിന്റെ ആസ്ഥാനങ്ങൾ മാറ്റുകയെന്ന പ്രധാന ലക്ഷ്യമാണ് വകുപ്പിന് മുന്നിലുള്ളതെന്ന് മന്ത്രി പറഞ്ഞു. ഏപ്രിൽ 25ഓടെ രണ്ട് വർഷക്കാലം കൊണ്ട് പൂർത്തീകരിക്കുന്ന ജനകീയ പദ്ധതിയായി റവന്യൂ ഇ-സാക്ഷരതക്കും തുടക്കം കുറിക്കുകയാണ്.
ആറു മാസക്കാലം 200 വില്ലേജ് എന്ന കണക്കിൽ നാലു വർഷം കൊണ്ട് കേരളത്തിലെ മുഴുവൻ ഭൂമിയും ഡിജിറ്റലായി അളക്കാനുള്ള നടപടിക്രമങ്ങളിലേക്കും കേരളം പോവുകയാണ്. കേരളത്തിലെ ഭൂമിയില്ലാത്ത മുഴുവൻ പേർക്കും ഭൂമി കൊടുക്കാനും എല്ലാ ഭൂമിക്കും രേഖയുണ്ടാക്കാനുമുള്ള മഹത്തായ പരിശ്രമത്തിനാണ് റവന്യൂ വകുപ്പ് നേതൃത്വം നൽകുന്നത്-മന്ത്രി പറഞ്ഞു.