നാഗർകോവിൽ : അമ്പലംമുക്ക് കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും മോഷണം പോയ മാലയിലുണ്ടായിരുന്ന താലിയും കണ്ടെത്താനായില്ല. പ്രതി രാജേന്ദ്രനുമായി അന്വേഷണസംഘം നാഗർകോവിലിനു സമീപം കാവൽക്കിണറിലെ ഇയാളുടെ താമസ സ്ഥലത്തെത്തി പരിശോധന നടത്തി. താലി കാവൽക്കിണറിലെ ലോഡ്ജ് മുറിയിലുണ്ടായിരുന്നുവെന്നാണ് രാജേന്ദ്രൻ മൊഴി നൽകിയിരുന്നത്. എന്നാൽ പോലീസ് നാല് മണിക്കൂറോളം മുറിയും പരിസരവുമല്ലാം അരിച്ചുപെറുക്കിയെങ്കിലും താലി കണ്ടെത്താനായില്ല. കത്തി കന്യാകുമാരിക്കു സമീപം ഉപേക്ഷിച്ചിരുന്നുവെന്ന് പറഞ്ഞെങ്കിലും ഇത് പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.
കഴിഞ്ഞ ദിവസം മുട്ടടയിലെ കുളത്തിൽനിന്നു കൊലപാതകസമയത്ത് ധരിച്ചിരുന്ന വസ്ത്രം കണ്ടെടുത്തിരുന്നു. കത്തി ഇവിടെ ഉപേക്ഷിച്ചെന്ന് ഇയാൾ പറഞ്ഞിരുന്നുവെങ്കിലും ഇത് കണ്ടെത്താനായില്ല. അന്വേഷണത്തോടു സഹകരിക്കാത്ത രാജേന്ദ്രൻ ചോദ്യം ചെയ്യലിൽ കാര്യങ്ങൾ മാറ്റിമാറ്റിയാണ് പറയുന്നത്. പോലീസിനെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നാണ് കരുതുന്നത്. താലി, കൊലപാതകത്തിനുപയോഗിച്ച കത്തി എന്നിവ എവിടെയാണെന്ന ചോദ്യങ്ങൾക്ക് രാജേന്ദ്രൻ കൃത്യമായ മറുപടി നൽകുന്നില്ലെന്നും പേരൂർക്കട സി.ഐ. പറഞ്ഞു. താലി ലഭിക്കാത്തതിനെ തുടർന്ന് അഞ്ചുഗ്രാമത്തിൽ പ്രതി മാല പണയംവെച്ച ധനകാര്യ സ്ഥാപനത്തിൽ പോലീസ് വീണ്ടും പരിശോധന നടത്തി. കൊലപതകത്തിനുശേഷം രാജേന്ദ്രൻ ഒളിവിൽ കഴിഞ്ഞതും കാവൽക്കിണറിലെ തങ്കശ്ശാല സ്ട്രീറ്റിലെ രാജാദുര ലോഡ്ജിലാണ്.
പേരൂർക്കട ഇൻസ്പെക്ടർ സജികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചൊവ്വാഴ്ച രാജേന്ദ്രനുമായി തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ തെളിവെടുപ്പിന് പോയത്. രാവിലെ പത്ത് മണിയോടെ പ്രതിയുമായി കാവൽക്കിണറിൽ എത്തിയ പോലീസ് സംഘം നാല് മണിക്കൂറോളം മുറിക്കുള്ളിലും പരിസരത്തും തെളിവെടുപ്പ് നടത്തി. പേരൂർക്കട ആശുപത്രിയിലെ ഒ.പി. ടിക്കറ്റ്, രാജേന്ദ്രന്റെ വിവിധ ഇടപാടുകളുടെ രേഖകൾ തുടങ്ങിയവ പരിശോധനയിൽ കണ്ടെത്തി. തുടർന്ന് ആരൽവായ്മൊഴി പോലീസ് സ്റ്റേഷനിൽ എത്തിയ അന്വേഷണസംഘം രാജേന്ദ്രൻ 2014ൽ നടത്തിയ കൊലപാതകത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചു. വിവരശേഖരണത്തിനായി കേസിന്റെ ഫയലും വാങ്ങി. ഗുണ്ടാപട്ടികയിൽ ഉൾപ്പെടുത്തിയത് സംബന്ധിച്ച വിവരങ്ങളും കേരള പോലീസ് ശേഖരിച്ചു.