തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക,അനധ്യാപക നിയമനങ്ങളിലെ ഭിന്നശേഷി സംവരണ ഒഴിവുകൾ നികത്താൻ മാനേജ്മെന്റുകൾ സഹകരിക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി. സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളില്‍ 1995 – ലെ പി.ഡബ്ല്യൂ.ഡി ആക്ടിന്‍റെയും 2016ലെ ആർ.പി.ഡബ്ല്യൂ.ഡി ആക്ടിന്‍റെയും വ്യവസ്ഥകള്‍ പാലിച്ച് ഭിന്നശേഷി സംവരണം നടപ്പിലാക്കണമെന്ന ഹൈകോടതിയുടെ വിവിധ വിധിന്യായങ്ങള്‍ പ്രകാരം റോസ്റ്റര്‍ തയ്യാറാക്കുന്നതിനും ആയതു വഴി ലഭിക്കുന്ന സംവരണ തസ്തികകള്‍ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളിലേയ്ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനും ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരും വകുപ്പും പുറപ്പെടുവിച്ചിരുന്നു.
പ്രസ്തുത മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് സംസ്ഥാനത്തെ 2520 മാനേജര്‍മാര്‍ റോസ്റ്ററും എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളില്‍ നിന്നുമുളള റിക്വസിഷന്‍ സ്ലിപ്പും സമര്‍പ്പിച്ചിട്ടുണ്ട്. ഇത്തരം മാനേജ്മെന്‍റുകളില്‍ അംഗീകാരം ലഭിക്കാതെ നിലനിന്നിരുന്ന 2726 ജീവനക്കാരുടെ നിയമനങ്ങള്‍ അംഗീകരിച്ചു നല്‍കിയിട്ടുണ്ട്.
ഹൈകോടതി വിധിന്യായങ്ങളുടെയും സര്‍ക്കാര്‍, വകുപ്പുതല ഉത്തരവുകളുടെയും വെളിച്ചത്തില്‍ ചട്ടപ്രകാരം റോസ്റ്റര്‍, റിക്വസിഷന്‍ സ്ലിപ്പ് എന്നിവ തയ്യാറാക്കി സമര്‍പ്പിക്കുന്ന മുറയ്ക്ക്, അംഗീകാരം ലഭിക്കാതെ ബാക്കി നില്‍ക്കുന്നതായ എല്ലാ നിയമനങ്ങളും ഭിന്നശേഷി സംവരണത്തിന് വിധേയമായി അംഗീകരിച്ചു നല്‍കുന്നതാണ്. നടപടിക്രമങ്ങൾ ആഗസ്റ്റ് 15 നകം പൂർത്തിയാക്കണം. നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടും നിയമനാംഗീകാരം ലഭിച്ചില്ലെങ്കിൽ മന്ത്രി ഓഫീസിനെ സമീപിക്കാവുന്നതാണെന്നും മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.