ദില്ലി: ജമ്മു കാശ്മീരിലെ രജൗരിയിൽ ഭീകരർ നാട്ടുകാരായ രണ്ടുപേരെ വെടിവച്ചുകൊന്നു. സൈനിക ക്യാംപിലെ ചുമട്ട് തൊഴിലാളികളായ ഷൈലേന്ദർ കുമാർ, കമൽ കിഷോർ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ 6.15 ഓടെയാണ് സൈനിക ക്യാംപിന് പുറത്തുവച്ച് രണ്ടുപേർക്കും വെടിയേറ്റത്. പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെടിയുതിർത്തവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും തെരച്ചിൽ തുടരുകയാണെന്നും സൈന്യം അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റാണ് തൊഴിലാളികൾ കൊല്ലപ്പെട്ടതെന്ന് ആരോപിച്ച് നാട്ടുകാരിൽ ചിലർ ക്യാംപിന് മുന്നിൽ പ്രതിഷേധിച്ചു. ജമ്മു – രജൗരി ദേശീയ പാത പ്രതിഷേധക്കാർ ഉപരോധിച്ചു. പിന്നാലെ ഭീകരരാണ് വെടിവച്ചതെന്ന് സൈന്യം വ്യക്തമാക്കി. സൈന്യവും പോലീസും ജില്ലാ ഭരണകൂടവും സ്ഥലത്തെത്തി.
രാവിലെ ജോലിക്കായി സൈനിക ക്യാംപിലേക്ക് വരുന്ന വഴിക്ക്, സൈനിക ക്യാംപിന്റെ പ്രധാന ഗേറ്റിന് മുന്നിലാണ് ഇവർക്ക് വെടിയേറ്റതെന്നാണ് നാട്ടുകാരുടെ ആരോപണം. എന്നാൽ സൈനിക ആശുപത്രിക്ക് സമീപത്ത് വച്ച് അജ്ഞാതരായ ഭീകരരുടെ വെടിയേറ്റാണ് ഇരുവരും മരിച്ചതെന്നാണ് സൈന്യം നൽകുന്ന വിശദീകരണം.