ന്യൂഡൽഹി > ബിജെപിയിൽ ചേരാൻ ആവശ്യപ്പെട്ട് തന്നെ നിർബന്ധിക്കുന്നതായി ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്‌രിവാൾ. താൻ മുട്ടുമടക്കില്ലെന്നും ഒരിക്കലും ബിജെപിയിൽ ചേരില്ലെന്നും കെജ്രിവാൾ പറഞ്ഞു. ഡൽഹിയിലെ രോഹിണിയിൽ സ്കൂൾ കെട്ടിടത്തിന് തറക്കല്ലിട്ട ശേഷം സംസാരിക്കുകയായിരുന്നു കെജ്‌രിവാൾ.
തങ്ങൾക്കെതിരെ എന്ത് ഗൂഢാലോചന വേണമെങ്കിലും അവർക്ക് നടത്താം. ഞാനും ഉറച്ചുനിൽക്കുകയാണ്. എന്നെ ബിജെപിയിൽ ചേരാൻ നിർബന്ധിക്കുകയാണ്. എങ്കിൽ അവർ എന്നെ വെറുതെ വിടും എന്നാണ് പറയുന്നത്. മുട്ടുമടക്കാൻ ഞാൻ തയാറല്ല. ഒരിക്കലും ബിജെപിയിൽ ചേരില്ല- കെജ്‌രിവാൾ പറഞ്ഞു.
എല്ലാ അന്വേഷണ ഏജൻസികളും തങ്ങൾക്ക് എതിരെയാണെന്നും കെജ്‌രിവാൾ പറഞ്ഞു. ബജറ്റിൽ നാല് ശതമാനം മാത്രമാണ് കേന്ദ്രസർക്കാർ വിദ്യാലയങ്ങൾക്കും ആശുപത്രികൾക്കുമായി നീക്കി വയ്ക്കുന്നത്. ഈ സ്ഥാനത്ത് ആംആദ്മി സർക്കാർ ബജറ്റിൽ 40 ശതമാനമാണ് വിദ്യാലയങ്ങൾക്കും ആശുപത്രികൾക്കുമായി ചിലവിടുന്നത്. മനിഷ് സിസോദിയയും സത്യേന്ദ്ര ജയിനും ഉൾപ്പെടെയുള്ളവർ സ്കൂളുകൾക്കും ആശുപത്രികൾക്കും വേണ്ടി പ്രവർത്തിച്ചതിനാലാണ് അവരെ കേസുകളിൽ കുടുക്കി അറസ്റ്റ് ചെയ്യുന്നത്. എല്ലാ തരത്തിലുള്ള തെറ്റിദ്ധാരണകളും പരത്താനാണ് അവർ ശ്രമിക്കുന്നത്. പക്ഷേ ഞങ്ങൾ തളരില്ല- കെജ്‌രിവാൾ പറഞ്ഞു.
മുമ്പ് ആംആദ്മിയിലെ ഏഴ് എംഎൽഎമാരെ ബിജെപിയിലെത്തിക്കാൻ 25 കോടി വാഗ്ദാനം ചെയ്തുവെന്ന് കെജ്‌രിവാൾ ആരോപിച്ചിരുന്നു. വിദ്യാഭ്യാസമന്ത്രി അതിഷിയും സമാന ആരോപണം ഉന്നയിച്ചിരുന്നു. തുടർന്ന് ഇന്ന് ഡൽഹി പൊലീസ് അതിഷിയുടെ വീട്ടിലെത്തി നോട്ടീസ് നൽകി.