ദിസ്പൂര്‍> അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പാര്‍ട്ടി പരിപാടികള്‍ക്കും വിവാഹങ്ങളില്‍ പങ്കെടുക്കാനും പൊതുഖജനാവില്‍ നിന്നും ധൂര്‍ത്തടിച്ചത് 45 കോടി. വിവരാവകാശ രേഖപ്രകാരമാണ് ബിജെപി മുഖ്യമന്ത്രി ഹെലികോപ്റ്ററുകളും ചാര്‍ട്ടേഡ് വിമാനങ്ങളും വാടകയ്ക്ക എടുത്ത് പറക്കാന്‍ പൊതുപണം ഉപയോഗിച്ചുവെന്ന കണക്കുകള്‍ പുറത്തുവന്നത്.
കേരളത്തിനെതിരെ ധൂര്‍ത്തെന്ന വ്യാജ ആരോപണങ്ങള്‍ തുടരവെയാണ് ഹിമന്ത ബിശ്വ ശര്‍മ സ്വകാര്യ ആവശ്യങ്ങള്‍ക്കും പാര്‍ട്ടി പരിപാടികള്‍ക്കുമായി സംസ്ഥാന ഖജനാവില്‍ നിന്നും കോടികള്‍ ചെലവഴിച്ചതായി രേഖകള്‍ പുറത്തുവരുന്നത്. ബിജെപി സംഘടിപ്പിക്കുന്ന പൊതുയോഗങ്ങള്‍ക്കും തെരഞ്ഞെടുപ്പ് പ്രചരണത്തിനും സ്വകാര്യ വിവാഹച്ചടങ്ങുകളിലും പങ്കെടുക്കാനായിരുന്നു അസം മുഖ്യമന്ത്രിയുടെ ധൂര്‍ത്ത്.
2023 സെപ്റ്റംബര്‍ വരെയുളള കണക്ക് പ്രകാരം ഹെലികോപ്റ്ററുകളും ചാര്‍ട്ടേഡ് വിമാനങ്ങളും വാടകയ്ക്ക് എടുത്തത് വഴി 45,62,05,755 രൂപ സംസ്ഥാന ഖജനാവില്‍ നിന്ന് ചെലവഴിച്ചതായി രേഖകള്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തിനകത്ത് മാത്രമല്ല, 2022ല്‍ ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും 2023ല്‍ നടന്ന മധ്യപദേശ്, രാജസ്ഥാന്‍,ഛത്തീസ്ഗഡ് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഹിമന്ത ബിശ്വ ശര്‍മ്മ പറന്നെത്തിയത് പൊതുഖജനാവിലെ പണം ഉപയോഗിച്ച്.
യുപി ഉപമുഖ്യമന്ത്രി ബ്രജേഷ് പതക്കിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനുളള യാത്രയില്‍ സംസ്ഥാന ഖജനാവിന് നഷ്ടം 2343,750 രൂപ. നാഗാലാന്‍ഡ് മുഖ്യമന്ത്രി നെയ്ഫു റിയോയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഖജനാവില്‍ നിന്നും 14,08,562 രൂപ, കൂടാതെ സംസ്ഥാന മന്ത്രിമാരുടെ ബന്ധുക്കളുടെ വിവാഹങ്ങളില്‍ പങ്കെടുത്തതും സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചാണെന്നും രേഖകള്‍ വ്യക്തമാക്കുന്നു.
2016ല്‍ തരുണ്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്നതുവരെ അസം സര്‍ക്കാരിന് 41,963 കോടി രൂപയായിരുന്നു വായ്പാ കുടിശ്ശിക. എന്നാല്‍ കഴിഞ്ഞ എട്ട് വര്‍ഷത്തെ ബിജെപി ഭരണത്തില്‍ ഈ തുക മൂന്നിരട്ടി വര്‍ദ്ധിച്ച് 12 കോടി 62 ലക്ഷമായെന്നും വിവരാവകാശ രേഖകള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെയാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പൂര്‍ണമായും ലംഘിച്ച് പൊതുഖജനാവ് ധൂര്‍ത്തടിച്ചുളള അസം മുഖ്യമന്ത്രിയുടെ സ്വകാര്യ യാത്രകള്‍.