അസം : വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രളയം രൂക്ഷം. മേഘാലയയിലും അസമിലും ഒരാഴ്ച്ചക്കിടെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 42 ആയി. അരുണാചല്‍പ്രദേശ്, മേഘാലയ, അസം എന്നീ സംസ്ഥാനങ്ങളില്‍ ഇന്നും റെഡ് അലേര്‍ട്ട് തുടരും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ചൊവ്വാഴ്ച്ച വരെ അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അസമില്‍ 32 ജില്ലകളിലായി 30 ലക്ഷം ആളുകളെ പ്രളയം ബാധിച്ചു. 4000 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. 514 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഇതുവരെ 1.56 ലക്ഷം ആളുകളെ മാറ്റി പാര്‍പ്പിച്ചു. ബജാലി ജില്ലയെയാണ് മഴക്കെടുതി രൂക്ഷമായി ബാധിച്ചത്. പ്രധാനപ്പെട്ട നദികളിലെല്ലാം ജലനിരപ്പ് അപകട നിലയെക്കാള്‍ മുകളിലാണ് ഒഴുക്കുന്നത്. ത്രിപുരയില്‍ 10,000 ആളുകള്‍ക്ക് വീട് നഷ്ടപ്പെട്ടു. മേഘാലയയില്‍ മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചുണ്ട്.