അന്തിക്കാട്: സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് പ്രവാസിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. വാടാനപ്പള്ളി സ്വദേശികളായ ചക്കാണ്ടൻ വീട്ടിൽ ചക്കു എന്ന സിനീഷ് (34), ഏറച്ചം വീട്ടിൽ ചേനു എന്ന ഷാനവാസ് (32) എന്നിവരെയാണ് അന്തിക്കാട് സ്റ്റേഷൻ ഇൻസ്പെക്ടർ അനീഷ് കരീം അറസ്റ്റ് ചെയ്തത്. എടുവായിൽ വീട്ടിൽ പപ്പുണ്ണി എന്ന ജിജിനെ (28) കൂടി പിടികൂടാനുണ്ടെന്നും ഇയാൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.
നെടുപുഴ വലിയാലുക്കൽ സ്വദേശിയും ഇവരുടെ പരിചയക്കാരനുമായ പാടത്തിപറമ്പിൽ ഷിനോജിനാണ് (40) വെട്ടേറ്റത്. തലയിലും കൈകളിലും വാൾകൊണ്ട് വെട്ടുകയായിരുന്നു. 19 സ്റ്റിച്ചുകളുണ്ട്. ഇയാളോടൊപ്പം യാത്ര ചെയ്ത സഹോദരൻ ഷിജുവിനും വെട്ടേറ്റിട്ടുണ്ട്. ജ്യേഷ്ഠനെ ആക്രമിക്കുന്നത് കണ്ട് പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഷിജുവിന് കൈക്ക് വെട്ടേറ്റത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെ കാഞ്ഞാണി മരിയ ഓഡിറ്റോറിയത്തിന് എതിർവശത്താണ് സംഭവം. പ്രതികൾ നിരവധി ഗുണ്ട കേസുകളിൽ പ്രതിയും സ്റ്റേഷൻ റൗഡികളുമാണ്. വാടാനപ്പള്ളി പള്ളിപ്പെരുന്നാളിനിടയിൽ സി.പി.എം ആൽമാവ് ബ്രാഞ്ച് സെക്രട്ടറി സതീഷിനെ വെട്ടിപ്പരിക്കേൽപിച്ച കേസിൽ പ്രതിയാണ് സിനീഷ്.