ആലപ്പുഴ> ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയ്ക്കായി മത്സരിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ പട്ടികയിലേക്ക് ഒരാള്‍കൂടി. മാവേലിക്കര ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി ബൈജു കലാശാലയാണ് കോണ്‍ഗ്രസ് സ്‌പോണ്‍സേര്‍ഡ് എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ പട്ടികയിലേക്ക് അവസാനമെത്തിയത്.
ബിഡിജെഎസ് സംസ്ഥാന കമ്മിറ്റിയംഗമായ ബൈജു 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മാവേലിക്കര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായി ബൈജു മത്സരിച്ചിരുന്നു. ആലപ്പുഴ ഡിസിസി ജനറല്‍ സെക്രട്ടറിയായിരിക്കുമ്പോഴായിരുന്നു മാവേലിക്കരയിലെ മത്സരം.
എല്‍ഡിഎഫിന്റെ എം എസ് അരുണ്‍കുമാറിനോട് പരാജയപ്പെട്ടു. കഴിഞ്ഞ മാസമാണ് ബിഡിജെഎസില്‍ ചേര്‍ന്നത്. കോണ്‍ഗ്രസിലായിരിക്കെ ഭരണിക്കാവ് ബ്ലോക്ക് മെമ്പര്‍, താമരക്കുളം പഞ്ചായത്ത് പ്രസിഡന്റ്, വാര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏഴ് വര്‍ഷം കെപിഎംഎസ് ജനറല്‍ സെക്രട്ടറിയായിരുന്നു. കെഎസ്‌യുവിലൂടെ പൊതുപ്രവര്‍ത്തനം ആരംഭിച്ച ബൈജു പിന്നീട് ദീര്‍ഘനാള്‍ യൂത്ത് കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ചിരുന്നു.
കഴിഞ്ഞ ദിവസം ബിജെപി പ്രഖ്യാപിച്ച സ്ഥാനാര്‍ഥി പട്ടികയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി, 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന സി രഘുനാഥ്, കാലിക്കറ്റ് സര്‍വകലാശാലയില്‍ യുഡിഎഫ് നോമിനിയായി വൈസ് ചാന്‍സലറായിരുന്ന ഡോ. എം അബ്ദുല്‍ സലാം എന്നിവര്‍ ഉള്‍പ്പെട്ടിരുന്നു.