ബംഗളുരു: കർണാടക ശിവമോഗയിൽ ബജ്‌റംഗ്ദൾ പ്രവർത്തകന്‍റെ കൊലപാതകത്തെ തുടർന്നുണ്ടാകാന്‍ സാധ്യതയുള്ള സംഘർഷങ്ങൾ കണക്കിലെടുത്ത് രണ്ട് ദിവസത്തേക്ക് കൂടി പ്രദേശത്ത് നിരോധനാജ്ഞ നീട്ടിയതായി അധികൃതർ അറിയിച്ചു. ശിവമോഗയിലെ സ്‌കൂളുകൾ രണ്ട് ദിവസത്തേക്ക് കൂടി അടച്ചിടുമെന്നും സാഹചര്യം കണക്കിലെടുത്ത് അടുത്ത നടപടി തീരുമാനിക്കുമെന്നും ശിവമോഗ ജില്ല ഡെപ്യൂട്ടി കമ്മീഷണറായ ഡോ. സെൽവമണി പറഞ്ഞു.
ബജ്‌റംഗ്ദൾ പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ആറ് പേരെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുപത് വയസ്സുള്ള കാഷിഫ്, നദീം, ആസിഫ്, റിഹാൻ തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തിരുന്നു. ഹിജാബ് വിവാദവുമായി കൊലപാതകത്തിന് പങ്കില്ലെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലുള്ള കാരണമെന്നും അനാവശ്യ പ്രചാരണങ്ങൾ നടത്തി പരിഭ്രാന്തി സൃഷ്ടിക്കരുതെന്നും പോലീസ് കൂട്ടിച്ചേർത്തു.
ഭാരതി നഗറിൽ വച്ച് ഞായറാഴ്ച രാത്രിയാണ് 25 വയസുകാരനായ ഹർഷയെ കാറിലെത്തിയ ഒരു സംഘം ആളുകൾ കുത്തിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിൽ പന്ത്രണ്ട് പേർക്ക് പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. കൊലപാതകത്തെ തുടർന്ന് ജില്ലയിലെ 14 സ്ഥലങ്ങളിലായി തീവെയ്‌പ്പും അക്രമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ മുന്ന് ആക്രമണകേസുകളിൽ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ശിവമോഗയിലെ ക്രമസമാധാന നില ഇപ്പോൾ നിയന്ത്രണ വിധേയമാണെന്നും രാവിലെ ഈസ്റ്റേൺ റേഞ്ച് ഡി.ഐ.ജി ഡോ. കെ ത്യാഗരാജൻ അറിയിച്ചിരുന്നു. നേരത്തെ ജില്ലാ ഭരണകൂടം സംഘർഷ സാധ്യത കണക്കിലെടുത്ത് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പോലീസിനെ വിന്യസിക്കുകയും പൊതുയോഗങ്ങൾ നിരോധിക്കുകയും ചെയ്തിരുന്നു.