തിരുവനന്തപുരം: ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. നെടുമങ്ങാട് മഞ്ച സ്വദേശിയായ 55 വയസ്സുകാരനായ സുനിൽകുമാറിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലാണ് മകളുടെ ഭർത്താവായ തേക്കട വില്ലേജിൽ ചീരാണിക്കര അഭിലാഷ് ഭവനത്തിൽ അഭിലാഷ് (41) ആണ് നെടുമങ്ങാട് പോലീസിന്റെ പിടിയിലായത്. അഭിലാഷിന്റെ ഗ്യാസ് സിലിണ്ടർ എടുത്തു വിറ്റുവെന്നാരോപിച്ച് ഇക്കഴിഞ്ഞ പത്താം തീയതി വൈകുന്നേരം മഞ്ചയിലെ വീട്ടിൽ വെച്ച് സുനിൽകുമാറുമായി അദ്ദേഹം വഴക്കുണ്ടാക്കിയിരുന്നു.
ഇതിനെത്തുടർന്ന് ഉണ്ടായ ക്രൂരമർദ്ദനത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയ സുനിൽകുമാറിനൊപ്പം മരുമകനായ പ്രതിയും ആശുപത്രിയിൽ പോയിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് സുനിൽകുമാർ മരണപ്പെട്ടതിനെ തുടർന്ന്, നെടുമങ്ങാട് പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് അഭിലാഷിന്റെ പങ്ക് വെളിവായത്.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫോറൻസിക് സർജന്റെ മേൽനോട്ടത്തിൽ നടന്ന പോസ്റ്റ്മോർട്ടം പരിശോധനയിൽ മരണകാരണം മർദ്ദനത്തിലേറ്റ പരിക്കുകളാണെന്ന് വ്യക്തമായിരുന്നു. തറയിലിട്ട് ക്രൂരമായി നെഞ്ചത്തും പുറത്തും ചവിട്ടിയതിനെ തുടർന്ന് സുനിൽകുമാറിന്റെ വാരിയെല്ലുകൾക്ക് പൊട്ടലുണ്ടായിരുന്നു. എന്നാൽ പിന്നീട് മറ്റാർക്കും സംശയം തോന്നാത്ത തരത്തിൽ വളരെ സ്വാഭാവികമായിട്ടായിരുന്നു അഭിലാഷിന്റെ പെരുമാറ്റം. വിശദമായ അന്വേഷണത്തിൽ മരണം കൊലപാതകം തന്നെയെന്ന് തെളിഞ്ഞു.
നെടുമങ്ങാട് ഡിവൈഎസ്പി ബി ഗോപകുമാറിൻ്റെ മേൽനോട്ടത്തിൽ നെടുമങ്ങാട് സ്റ്റേഷൻ ഹൗസ് ഓഫീസർ അനീഷ് ബി, എസ് ഐ രവീന്ദ്രൻ, എസ് ഐ രജിത്ത് എസ് സി പി ഓ മാരായ ബിജു സി, ദീപ എന്നിവർ അടങ്ങിയ അന്വേഷണസംഘമാണ് ശാസ്ത്രീയമായ അന്വേഷണത്തിലൂടെ കേസിന്റെ ചുരുളഴിച്ച് പ്രതിയെ പിടികൂടിയത്.