ലുധിയാന: നിയുക്ത പഞ്ചാബ് മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ ഭഗവന്ത് മാൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. നിയമസഭയിലെ മറ്റ് 16 എം.എൽ.എമാരും മന്ത്രിമാരായി പിന്നീട് സത്യപ്രതിജ്ഞ ചെയ്യുമെന്ന് വാർത്താ ഏജന്‍സി റിപ്പോർട്ട് ചെയ്തു. സ്വാതന്ത്ര്യ സമരസേനാനി ഭഗത് സിങ്ങിന്റെ ജന്മഗ്രാമമായ ഖട്കർ കാലാനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്.
സംസ്ഥാനത്ത് പുതിയ സർക്കാർ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടത്താന്‍ ഗവർണർ ബൻവാരിലാൽ പുരോഹിതുമായി കഴിഞ്ഞദിവസം മാൻ കൂടികാഴ്ച നടത്തിയിരുന്നു. ഡൽഹി മുഖ്യമന്ത്രിയും എ.എ.പി കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മന്‍ പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്.
പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ 117 മണ്ഡലങ്ങളിൽ 92 സീറ്റ് നേടി ആം ആദ്മി പാർട്ടി അധികാരത്തിലെത്തിയിരുന്നു. തെരഞ്ഞെടുപ്പിൽ 18 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ് വിജയിച്ചത്. മറ്റ് രാഷ്ട്രീയ കക്ഷികളായ ശിരോമണി അകാലിദൾ മൂന്ന് സീറ്റുകളും ബി.ജെ.പിയും ബി.എസ്.പിയും യഥാക്രമം രണ്ടും ഒന്നും സീറ്റുകളാണ് നേടിയത്.