പാറ്റ്ന: ബിഹാറില്‍ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം അറുപതായി ഉയർന്നപ്പോൾ ബന്ധുക്കൾക്ക് ധന സഹായം നല്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി നിതീഷ് കുമാർ. മുന്നറിയിപ്പ് അവഗണിച്ചതാണ് ദുരന്തത്തിന് ഇടയാക്കിയതെന്ന് നിതീഷ് കുമാർ വിശദീകരിച്ചു. സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ബിഹാർ സർക്കാരിന് നോട്ടീസ് അയച്ചു.
ചൊവ്വാഴ്ച ബിഹാറിൽ നടന്ന വ്യാജ മദ്യ ദുരന്തത്തില്‍ ഇന്ന് അഞ്ചുപേർ കൂടി മരിച്ചു. ചികിത്സയിലുള്ള പലരുടെയും ആരോഗ്യനില മോശമായി തുടരുന്നുവെന്നാണ് വിവരം. സംഭവത്തില്‍ സർക്കാരിനും സംസ്ഥാന പൊലീസ് മേധാവിക്കും നോട്ടീസ് അയച്ച മനുഷ്യാവകാശ കമ്മീഷൻ നാല് ആഴ്ചക്കുള്ളില്‍ ദുരന്തത്തെകുറിച്ചുള്ള വിശദീകരണം നല്‍കാൻ ആവശ്യപ്പെട്ടു. എന്നാല്‍ മരണ സംഖ്യ അറുപതാകുമ്പോഴും പ്രതിപക്ഷവുമായി രാഷ്ട്രീയ വാക്പോര് തുടരുകയാണ് മുഖ്യമന്ത്രി നിതീഷ് കുമാർ.
മരിച്ചവരുടെ കുടംബത്തിന്സർക്കാർ സഹായധനം നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് ബിജെപി വലിയ പ്രതിഷേധം തുടരുകയാണ്. എന്നാല്‍ സഹായധനം നല്‍കില്ലെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. മദ്യനിരോധനമുള്ള ബിഹാറില്‍ പ്രതിപക്ഷം മദ്യവില്പനയ്ക്കായി വാദിക്കുകയാണെന്നും നിതീഷ് കുമാർ പറഞ്ഞു
മദ്യപിച്ചാല്‍ മരിക്കുമെന്ന് മുന്‍പും പറഞ്ഞിട്ടുണ്ട്. മദ്യപാനത്തെ അനുകൂലിക്കുന്നവർ നിങ്ങള്‍ക്ക് ഒരു ഗുണവും ഉണ്ടാക്കില്ല – ക്രിമിനലുകളെ സംരക്ഷിക്കുന്നതാണ് സർക്കാർ നിലപാടെന്ന് പ്രതിപക്ഷ നേതാവ് വിജയ് കുമാർ സിൻഹ കുറ്റപ്പെടുത്തി.ഗവർണർ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. മദ്യദുരന്തം ബിജെപി കഴിഞ്ഞ ദിവസം പാർലമെൻറിലും ഉയര്‍ത്തിയിരുന്നു.