ന്യൂഡൽഹി : ഇന്ധനവില വർധനവ് പിടിച്ചുനിർത്തിയതിലൂടെ ഐ.ഒ.സി, ബി.പി.സി.എൽ, എച്ച്.പി.സി.എൽ എന്നീ കമ്പനികൾക്ക് 19,000 കോടിയുടെ നഷ്ടമുണ്ടായെന്ന് റേറ്റിങ് ഏജൻസിയായ മൂഡീസ്. 2021 നവംബർ നാല് മുതൽ 2022 മാർച്ച് 21 വരെ കമ്പനികൾ എണ്ണവിലയിൽ മാറ്റം വരുത്തിയിരുന്നില്ല. ഇക്കാലയളവിൽ എണ്ണവില ഉയർന്നിട്ടില്ല.
നിലവിലെ മാർക്കറ്റ് വിലയനുസരിച്ച് ഒരു ബാരലിന് 25 ഡോളർ നഷ്ടത്തോടെയാണ് കമ്പനികൾ പെട്രോളും ഡീസലും വിൽക്കുന്നതെന്നും മുഡീസിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നഷ്ടം നികത്താൻ വൈകാതെ കമ്പനികൾ എണ്ണവില വർധിപ്പിക്കുമെന്നും മൂഡീസ് പ്രവചിക്കുന്നു.
1.1 ബില്യൺ ഡോളറാണ് ഐ.ഒ.സിയുടെ വരുമാന നഷ്ടം. ബി.പി.സിൽ, എച്ച്.പി.സി.എൽ കമ്പനികൾക്ക് 550 മുതൽ 650 മില്യൺ ഡോളർ വരെയാണ് നഷ്ടം. എന്നാൽ, അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറയുകയാണെങ്കിൽ ഈ നഷ്ടം ഒരു പരിധിവരെ പിടിച്ചുനിർത്താൻ കഴിയുമെന്നും മൂഡീസ് പ്രവചിക്കുന്നു.
നേരത്തെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് എണ്ണകമ്പനികൾ പെട്രോൾ-ഡീസൽ വർധിപ്പിക്കാതിരുന്നത്. തെരഞ്ഞെടുപ്പിന് പിന്നാലെ വൻ വർധന വരുത്തിയില്ലെങ്കിലും എണ്ണകമ്പനികൾ വില വർധിപ്പിക്കൽ ആരംഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച പെട്രോളിന് 88 പൈസയും ഡീസലിന് 85 പൈസയുമാണ് കൂട്ടിയത്.