പാലക്കാട് : പാലക്കാട് മേലാമുറിയില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകത്തില്‍ പോലീസിന് വീഴ്ച പറ്റിയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍. എസ്ഡിപിഐയുടെ കൊലയാളി സംഘങ്ങളെ കണ്ടെത്താന്‍ പോലീസ് ശ്രമിച്ചില്ല. പാലക്കാട് നഗരത്തില്‍ പോലീസിന്റെ കണ്‍മുന്നില്‍ വച്ചാണ് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത് എന്നും സി കൃഷ്ണകുമാര്‍ ആരോപിച്ചു. ആയിരക്കണക്കിന് പോലീസുകാരെ പാലക്കാട് ജില്ലയില്‍ മുഴുവന്‍ വിന്യസിച്ചിട്ടുണ്ടെന്നാണ് ഇന്നലെ പറഞ്ഞത്. പക്ഷേ പോലീസ് കാഴ്ചക്കാരായി മാറിയിരിക്കുകയാണെന്ന് ഈ സംഭവത്തോടെ മനസിലായി. പോലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. എസ്ഡിപിഐയുടെ കൊലയാളി സംഘങ്ങള്‍ ഇന്നലെ മുതല്‍ പാലക്കാട് നഗരത്തില്‍ പലയിടത്തുണ്ടായിരുന്നു. നിരപരാധികളായ ആര്‍എസ്എസിന്റെയും ബിജെപിയുടെയും പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാനാണ് പോലീസ് ഇന്നലെ രാത്രിയും ശ്രമിച്ചത്. അല്ലാതെ എസ്ഡിപിഐയുടെ കൊലയാളി സംഘങ്ങളെ കണ്ടെത്താനോ അക്രമം തടയാനോ പോലീസ് ശ്രമിച്ചില്ല’. സി കൃഷ്ണകുമാര്‍ പറഞ്ഞു.
ഇന്ന് ഉച്ചയോടെയായിരുന്നു ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസന് വെട്ടേറ്റത്. പാലക്കാട് മേലാമുറിയില്‍ വച്ചായിരുന്നു സംഭവം. തുടര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ടു ബൈക്കുകളിലെത്തിയ അഞ്ചംഗ സംഘം ശ്രീനിവാസനുണ്ടായിരുന്ന എസ്‌കെ ഓട്ടോ റിപ്പയര്‍ കടയ്ക്കകത്ത് അതിക്രമിച്ച് കയറിയായിരുന്നു ആക്രമണം. പാലക്കാട് നോര്‍ത്ത് കസബ സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സംഘര്‍ഷ സാധ്യതകള്‍ കണക്കിലെടുത്ത് കൂടുതല്‍ പോലീസുകാരെ പാലക്കാട് വിന്യസിക്കും.