മുംബൈ: മഹാരാഷ്ട്രയിൽ വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി എം.എൽ.മാർക്കെതിരെ കേസ്. സോലാപൂരിൽ നടന്ന ‘ഹിന്ദു ജൻ ആക്രോഷ് റാലി’യിലായിരുന്നു വിവാദ പ്രസംഗം. മഹാരഷ്ട്രയിലെ നിതീഷ് റാണെക്കും തെലങ്കാനയിലെ ടി. രാജ സിങ്ങിനുമെതിരെയാണ് വിദ്വേഷണ പ്രസംഗത്തിന് കേസെടുത്തത്.
സകാൽ ഹിന്ദു സമാജ് ഭാരവാഹി സുധാകർ മഹാദേവ് ബഹിർവാഡെക്കും കണ്ടാലറിയാവുന്ന 10 പേർക്കുമെതിരെയും വിവിധ വകുപ്പുകൾ പ്രകാരം ജയിൽ റോഡ് പൊലീസ് കേസെടുത്തു. ‘ജിഹാദി’കളെക്കുറിച്ചും പള്ളികൾ തകർക്കുന്നതിനെക്കുറിച്ചുമായിരുന്നു റാണെയുടെ പ്രസംഗം. ഹൈദരാബാദിലെ ഗോഷാമഹലിൽ നിന്നുള്ള എം.എൽ.എയായ രാജ സിങ് ‘ലവ് ജിഹാദി’നെക്കുറിച്ച് വിവാദ പ്രസ്താവനകൾ നടത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
153 എ( മതത്തിെൻറ പേരിൽ രണ്ട് വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ ശത്രുത സൃഷ്ടിക്കൽ), 295എ (ഏതെങ്കിലും വിഭാഗത്തിെൻറ മതത്തെയോ മതവിശ്വാസങ്ങളെയോ അവഹേളിച്ച് അവരുടെ മതവികാരങ്ങളെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ബോധപൂർവവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികൾ) തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.