ദില്ലി: മുൻ കേന്ദ്രമന്ത്രി മിലിന്ദ് ദിയോറ കോൺഗ്രസ് വിട്ടതിന് പിന്നാലെ രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബിജെപി. രാഹുൽ ആദ്യം തന്റെ പാർട്ടി നേതാക്കളോട് നീതി കാണിക്കണമെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ. കോൺഗ്രസ് വിട്ട ദിയോറ മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ ശിവസേനയിൽ ചേർന്നേക്കും. “രാഹുൽ ആദ്യം തന്റെ പാർട്ടി നേതാക്കളോട് നീതി കാണിക്കണം, അത് കഴിഞ്ഞ് മതി നീതി യാത്ര”- അമിത് മാളവ്യ ട്വീറ്റ് ചെയ്തു. കോൺഗ്രസുമായുള്ള 55 വർഷത്തെ ബന്ധം അവസാനിപ്പിക്കുകയാണെന്ന് ദിയോറ ഇന്ന് രാവിലെ പ്രഖ്യാപിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ ശേഷിക്കെ ദക്ഷിണ മുംബൈ സീറ്റിനെ ചൊല്ലിയുള്ള തർക്കമാണ് പാർട്ടിയുടെ മുൻ മുംബൈ പ്രസിഡന്റു കൂടിയായിരുന്ന മിലിന്ദ് ദിയോറയെ മാറി ചിന്തിപ്പിച്ചതെന്നാണ് വിവരം.
ശിവസേന ഏക്നാഥ് ഷിൻഡെ പക്ഷത്തേക്കാണ് ദിയോറ മാറുന്നതെന്നാണ് വിവരം. ഒട്ടേറെത്തവണ കേന്ദ്രമന്ത്രിയായിരുന്ന മുരളി ദിയോറയുടെ മകനാണ് 47- കാരനായ മിലിന്ദ് ദിയോറ. ഇന്ത്യാ സംഖ്യത്തിന്റെ സീറ്റ് വിഭജന ചർച്ചയ്ക്ക് മുന്നോടിയായി ഈ സീറ്റ് വിട്ടുതരില്ലെന്ന് ശിവസേന ഉദ്ധവ് പക്ഷം വ്യക്തമാക്കിയിരുന്നു. ഇതിനെതിരേ മിലിന്ദ് ദിയോറയും പ്രതികരിച്ചു. എന്നാൽ, സഖ്യചർച്ചയിൽ സീറ്റ് ശിവസേനയ്ക്ക് നൽകാൻ ധാരണയായതാണ് മിലിന്ദ് പാർട്ടിവിടാൻ കാരണമെന്നാണ് സൂചന.