തിരുവനന്തപുരം : തിരുവനന്തപുരം കാരക്കോണത്ത് ഉത്സവ എഴുന്നള്ളിപ്പിനെത്തിച്ച ആനയോട് യുവാക്കളുടെ പരാക്രമം. ശല്യം സഹിക്കാനാകാതെ ഇടഞ്ഞ ആന മണിക്കൂറുകളോളം നടുറോഡിൽ പരിഭ്രാന്തി സൃഷ്ടിച്ചു. കഴിഞ്ഞ ദിവസം കാരക്കോണം മുര്യാതോട്ടത്തായിരുന്നു സംഭവം. ക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ച ഘോഷയാത്രക്ക് തിടമ്പേറ്റാൻ കൊല്ലത്ത് നിന്ന് എത്തിച്ച ആനയാണ് ഇടഞ്ഞ് പരിദ്രാന്തി സൃഷ്ടിച്ചത്. ഘോഷയാത്രയുടെ മുൻനിരയിലായിരുന്നു ആന. തിടമ്പേറ്റി യാത്ര ക്ഷേത്രത്തിലെത്തിയ ശേഷം തിരിച്ച് പോകുന്നതിനിടെയാണ് സംഭവം. നെറ്റിപ്പട്ടം അഴിച്ച് വച്ച് വാഹനത്തിൽ കയറ്റാൻ പാപ്പാൻ ആനയെ കൊണ്ട് പോകുന്നതിനിടെയാണ് ഷോഘയാത്രക്ക് പിൻനിരയിലുണ്ടായിരുന്ന ശബ്ദഘോഷങ്ങളും ഉച്ചഭാഷിണിയും എല്ലാം ആനക്ക് സമീപമെത്തിയത്.
ഉച്ചഭാഷണിയുടെ കാതടപ്പിക്കുന്ന ശബ്ദവും വാഹനത്തിന്റെ മുന്നിലും പിന്നിലും ശക്തിയേറിയ വെളിച്ചവുമെല്ലാം കണ്ട് ആകെ പകച്ച് നിന്ന ആനക്ക് മുന്നിൽ പാട്ടും നൃത്തവുമായി യുവാക്കൾ കൂടി എത്തിയതോടെ ആന വിരണ്ടു. അവരിൽ ചിലര്‍ കൊമ്പിലും വാലിലും പിടിക്കാൻ കൂടി തുടങ്ങിയപ്പോഴാണ് ആന ഇടഞ്ഞതും പരിഭ്രാന്തിക്കിടായയതും. ഗതാഗതം മുടക്കി മണിക്കൂറുകളോളം നടുറോഡിൽ നിന്ന ആനയെ ഒരു വിധത്തിലാണ് പാപ്പാൻ അനുനയിപ്പിച്ച് വാഹനത്തിൽ കയറ്റി കൊണ്ട് പോയത്.
ആന ഇടഞ്‍തറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും എല്ലം സ്ഥലത്തെത്തിയരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് എഴുന്നെള്ളിപ്പിന് ഉപയോഗിക്കാനുള്ള അനുമതി പത്രം ക്ഷേത്ര ഭാരവാഹികൾക്ക് ഉണ്ടായിരുന്നില്ലെന്ന് വ്യക്തമായത്. മാത്രമല്ല ഘോഷയാത്രയിൽ പങ്കെടുത്തവര്‍ ആനയെ പ്രകോപിപ്പിക്കും വിധം പെരുമാറിയിട്ടും അത് തടയാൻ സമയബന്ധിതമായ ഇടപെടലും ഉത്സവ കമ്മിറ്റിയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. ഇതിനെതിരെയാണ് നാട്ടാന പരിപാലന ചട്ടം അനുസരിച്ച് വനം വകുപ്പ് കേസെടുത്തിട്ടുള്ളത്.