ന്യൂഡൽഹി: വനസംരക്ഷണ നിയമത്തിലെ വിനാശകരമായ പുതിയ ഭേദഗതികളിൽ പ്രതിഷേധിച്ച് സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട് കേന്ദ്ര വനം–-പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവിന് കത്തുനൽകി. കോർപറേറ്റുകൾക്ക് വനം കൊള്ളയടിക്കാൻ കൂട്ടുനിൽക്കുന്ന നിയമത്തെ കോർപറേറ്റ് സംരക്ഷണ നിയമമെന്നാണ് വിളിക്കേണ്ടതെന്ന് കത്തിൽ പറയുന്നു.
പദ്ധതികൾക്ക് അനുമതി നൽകുംമുമ്പ് ഗ്രാമസഭകളുടെയും വനത്തിൽ താമസിക്കുന്ന വിവിധ വിഭാഗങ്ങളുടെയും അനുമതി തേടണമെന്ന നിർദേശം അട്ടിമറിച്ചു. പകരം ഇനി അന്തിമാനുമതി കേന്ദ്രം നൽകും. ഇത് ഭരണഘടനയുടെ അഞ്ച്, ആറ് ഷെഡ്യൂളുകളുടെ ലംഘനവും നിയംഗിരി ഖനന കേസിലെ സുപ്രീംകോടതി വിധിക്കെതിരാണെന്നും ബൃന്ദ ചൂണ്ടിക്കാട്ടി.
കമ്പനി നടത്തേണ്ട വനവൽക്കരണത്തിനുള്ള ഭൂമി ഭൂരിഭാഗം സംസ്ഥാനങ്ങളിലും ജനവാസമേഖലയ്‌ക്കടുത്താണ്. കർശനമായി വിലക്കിയിരുന്ന ഉൾക്കാടുകളിൽപോലും പുതിയ ഭേദഗതിയനുസരിച്ച് ഖനനമുൾപ്പെടെ തുടങ്ങാം. വിജ്ഞാപനം മരവിപ്പിച്ച് പൊതുജനാഭിപ്രായം ശേഖരിക്കണം. സ്റ്റാൻഡിങ് കമ്മിറ്റിയുടെയും ആദിവാസി മന്ത്രാലയത്തിന്റെയും പരിഗണനയ്‌ക്കായി വിടണമെന്നും ബൃന്ദ കത്തിൽ ആവശ്യപ്പെട്ടു.