തിരുവനന്തപുരം: ആരോഗ്യ വകുപ്പിന് കീഴിലെ സർക്കാർ നഴ്‌സിങ് സ്‌കൂളുകളിൽ ആരംഭിക്കുന്ന ജനറൽ നഴ്‌സിങ് ആൻഡ് മിഡ് വൈഫറി കോഴ്‌സ് പ്രവേശനത്തിന് ടാൻസ്‌ജെൻഡർ വിഭാഗത്തിന് സംവരണം ചെയ്ത ഒരു സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമും പ്രോസ്‌പെക്ടസും ആരോഗ്യ വകുപ്പ് ഡയറക്ടറുടെ വെബ്‌സൈറ്റിൽ (www.dhskerala.gov.in) ലഭിക്കും.
എൽഎൽ.എം, പി.ജി നഴ്സിങ്: പ്രവേശന പരീക്ഷ 16ന്
തിരുവനന്തപുരം: സെപ്റ്റംബർ 10ന് നടത്താൻ നിശ്ചയിച്ച എൽഎൽ.എം, പി.ജി നഴ്സിങ് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ സെപ്റ്റംബർ 16ന് തിരുവനന്തപുരം, എറണാകുളം, തൃശൂർ, കണ്ണൂർ, ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ നടക്കും. പ്രോസ്പെക്ടസ്, വിജ്ഞാപനങ്ങൾ എന്നിവക്ക് www.cee.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471 2525300.
പി.ജി ഡെന്‍റൽ: രണ്ടാംഘട്ട അലോട്ട്മെന്റ്
തിരുവനന്തപുരം: കേരളത്തിലെ വിവിധ സർക്കാർ ഡെന്‍റൽ കോളജുകളിലും സ്വകാര്യ സ്വാശ്രയ ഡെന്‍റൽ കോളജുകളിലും ആദ്യഘട്ട അലോട്ട്‌മെന്റിന് ശേഷം ലഭ്യമായ പി.ജി ഡെന്‍റൽ കോഴ്‌സിലെ സീറ്റുകളിലേക്കുള്ള ഓപ്ഷൻ കൺഫർമേഷൻ നടത്തുന്നതിനുള്ള സൗകര്യം www.cee.kerala.gov.in ൽ ലഭ്യമാക്കി. സർവിസ് ക്വോട്ട റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് ഈ ഘട്ടത്തിൽ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. രണ്ടാംഘട്ട അലോട്ട്‌മെന്റിൽ പരിഗണിക്കപ്പെടണമെങ്കിൽ ഓപ്ഷൻ കൺഫർമേഷൻ നടത്തണം.