ന്യൂഡൽഹി: മതവിഭാഗങ്ങൾക്കിടയിൽ സ്പർധയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രദർശിപ്പിച്ച 45 യൂട്യൂബ് വിഡിയോകളുടെ പ്രദർശനം വിലക്കിയതായി കേന്ദ്ര സർക്കാർ. 10 യ‍്യൂട്യൂബ് ചാനലുകളിലെ വ്യാജവാർത്തകളും കൃത്രിമ വിഡിയോകളുമാണ് കേന്ദ്ര സർക്കാർ തടഞ്ഞത്. രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം അറിയിച്ചു.
‘അഗ്നിപഥ് പദ്ധതി, ഇന്ത്യൻ സായുധ സേനകൾ, ദേശീയ സുരക്ഷ സംവിധാനങ്ങൾ, ജമ്മു -കശ്മീർ തുടങ്ങിയവയെ കുറിച്ച് വ്യാജപ്രചരണം നടത്തിയ ചില വിഡിയോകൾ തടഞ്ഞിട്ടുണ്ട്. ഇവയുടെ ഉള്ളടക്കങ്ങൾ ദേശസുരക്ഷയെയും അയൽ രാജ്യങ്ങളുമായുള്ള സൗഹൃദത്തെയും പ്രതികൂലമായി ബാധിക്കുന്നതാണ്’ – മന്ത്രാലയത്തിന്‍റെ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.
ഇത്തരം വിഡിയോകൾ സാമുദായിക സൗഹാർദം തകർക്കുന്നതും രാജ്യത്തെ പൊതുക്രമം തകർക്കാൻ സാധ്യതയുള്ളതുമാണെന്നും പ്രസ്താവനയിലുണ്ട്. ഏകദേശം 1.3 കോടിയിലധികം ആളുകൾ കണ്ട വിഡിയോകളുടെ പ്രദർശനമാണ് വിലക്കിയത്.