കോട്ടയം ∙ പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്റെ വാഹനത്തിന്റെ വീൽനട്ട് ഊരി മാറി. സംഭവത്തിൽ അട്ടിമറി ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തി. ഞായറാഴ്ച വൈകിട്ട് സിഎംഎസ് കോളജിലെ പൊതുപരിപാടിയിൽ പങ്കെടുത്ത ശേഷം പുറപ്പെടാൻ തുടങ്ങിയപ്പോഴാണു വാഹനത്തിന്റെ വീൽനട്ട് ഇളകിയതായി കണ്ടെത്തിയത്. എൽഡിഎഫ് സ്ഥാനാർഥി ജെയ്‌ക് സി തോമസുമായുള്ള പൊതുപരിപാടിയിൽ പങ്കെടുത്ത് ഇറങ്ങുമ്പോഴാണ് സംഭവം. പരിപാടിക്ക് പിന്നാലെ വാഹനത്തിൽ കയറി യാത്ര തുടങ്ങിയപ്പോഴാണ് ശ്രദ്ധയിൽപ്പെട്ടത്. ചാണ്ടി ഉമ്മൻ സ്ഥിരം സഞ്ചരിച്ചിരുന്ന കാറിലായിരുന്നില്ല സിഎംഎസ് കോളജിലെ പരിപാടിയിൽ പങ്കെടുക്കാൻ പോയത്.
വാഹനത്തിലുള്ളവർ പുറത്തിറങ്ങി ടയർ നട്ടുകൾ മുറുക്കിയാണു യാത്ര തുടർന്നത്. സംഭവം പൊലീസ് സ്വമേധയാ അന്വേഷിക്കണമെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ആവശ്യപ്പെട്ടു. ‘‘വലിയൊരു അപകടസാധ്യതയുണ്ട്, സത്യം പുറത്തുവരണം. വലിയ അപകടത്തിൽ നിന്നാണ് ചാണ്ടി ഉമ്മൻ രക്ഷപ്പെട്ടത്’’– തിരുവഞ്ചൂർ പ്രതികരിച്ചു.
മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെ തുടർന്നുള്ള പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രചാരണം മുറുകവെയാണു സംഭവം. സെപ്‌റ്റംബർ 5നാണ് വോട്ടെടുപ്പ്. ഫലപ്രഖ്യാപനം എട്ടിന്.