ദില്ലി : ഇന്ത്യൻ ശിക്ഷാനിയമത്തിലെ രാജ്യദ്രോഹക്കുറ്റം നിലനിർത്തണമെന്ന് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ സുപ്രീംകോടതിയിൽ. ദുരുപയോഗം തടയാനുള്ള മാനദണ്ഡം വേണമെന്നും അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു. രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടനാസാധുത സംബന്ധിച്ച് കേന്ദ്രത്തിന്‍റെ നിലപാട് അറിയിക്കാൻ തിങ്കളാഴ്ച്ച വരെ കോടതിസമയം അനുവദിച്ചു. ചൊവ്വാഴ്ച്ച ഹർജികളിൽ വീണ്ടും വാദം കേൾക്കും. രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കാൻ വിശാലബെഞ്ച് വേണ്ടെന്ന നിലപാടാണ് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ കോടതിയിൽ അറിയിച്ചത്. രാജ്യദ്രോഹനിയമം ദുരുപയോഗം ചെയ്യുന്നതാണ് പ്രശ്നം . നിയമം ദുരുപയോഗം ചെയ്യുന്നത് തടയുന്നതിന് മാർഗനിർദേശം കൊണ്ടുവരണമെന്നും എജി കോടതിയിൽ പറഞ്ഞു. ദുരുപയോഗം ഒരു നിയമം റദ്ദാക്കുന്നതിനുള്ള കാരണമാകരുതെന്നായിരുന്നു എജിയുടെ വാദം. രാജ്യദ്രോഹകുറ്റം നിലനിൽക്കുമെന്ന 1962 ലെ കേദാർനാഥ് കേസിലെ വിധി പുനപരിശോധിക്കണമെന്ന വാദത്തെയും എജി എതിർത്തു.
എന്നാൽ കേന്ദ്ര സർക്കാരിന്‍റെ നിലപാട് ഇതാവണമെന്നില്ല എന്ന സൂചനയാണ് എജി നല്‍കിയത്. അറ്റോർണി ജനറൽ എന്ന നിലയ്ക്ക് തന്‍റെ നിലപാടാണ് പറയുന്നത്. സോളിസിറ്റർ ജനറലിന്റെ അഭിപ്രായം വ്യത്യസ്തമായിരിക്കാം എന്നും കെ കെ വേണുഗോപാൽ വ്യക്തമാക്കി. മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്നും കേന്ദ്രസർക്കാർ കൂടുതൽ ചർച്ച നടത്തേണ്ടതുണ്ടെന്നും സോളിസിറ്റർ ജനറൽ അറിയിച്ചു. വിശാല ബെഞ്ച് രൂപീകരിച്ചാൽ സുപ്രധാന വിഷയങ്ങളിൽ വാദം കേൾക്കാനാകുമെന്ന് കോടതി വ്യക്തമാക്കി.
നിയമം സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുന്നുവെന്നും പൌരന് ഭരണഘടന നൽകുന്ന സംരക്ഷണം ഇല്ലാതാകുന്നതെന്നും മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. കേസ് ഇനി മാറ്റിവയ്ക്കില്ലെന്നും ഹർജിയിൽ ചൊവ്വാഴ്ച അന്തിമവാദം കേൾക്കുമെന്നും കോടതി വ്യക്തമാക്കി. മറുപടി എഴുതിനൽകാൻ കേന്ദ്രത്തിനും ഹർജിക്കാർക്കും കോടതി സമയം അനുവദിച്ചു. ഓരോ മണിക്കൂർ വീതം ഇരുകൂട്ടർക്കും വാദത്തിനായി നൽകും. വിശാലബെഞ്ചിന് വിടുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അതിന് ശേഷം തീരുമാനിക്കുമെന്നും കോടതി വ്യക്തമാക്കി.