ബീജിങ്: ചൈനയിലെ നിരവധി സ്ഥലങ്ങളിൽ കോവിഡിനെ തുടർന്ന് വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തി. കൊറോണ വൈറസ് ബാധ ആദ്യം സ്ഥീരികരിച്ച വുഹാനിലെ ചില പ്രദേശങ്ങളും ലോക്ഡൗണിലാണ്. വുഹാനിലെ എട്ട് ലക്ഷത്തോളം ജനസംഖ്യയുള്ള ഒരു ജില്ലയിലാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. ഇവിടെ ഒക്ടോബർ 30 വരെയാണ് നിയന്ത്രണം.
ഐഫോണിന്റെ ഏറ്റവും വലിയ നിർമാണശാല സ്ഥിതി ചെയ്യുന്ന ചെൻജോയും നിയന്ത്രണത്തിലാണ്. ചൈനയിൽ തുടർച്ചയായ മൂന്നാം ദിവസവും ആയിരത്തിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ സീറോ കോവിഡ് നയത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങ് അറിയിച്ചിരുന്നു.
കോവിഡിനെതിരെ ജനങ്ങൾ യുദ്ധം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബർ 24ന് 28 നഗരങ്ങളിലാണ് ചൈന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. ചൈനയിലെ കോവിഡ് നിയന്ത്രണങ്ങൾ 207 മില്യൺ ജനങ്ങളെ ബാധിച്ചുവെന്ന് റേറ്റിങ് ഏജൻസിയായ നൗമുറ കണക്കാക്കിയിരുന്നു. നിയന്ത്രണങ്ങൾ മൂലം ജി.ഡി.പിയിലും കനത്ത നഷ്ടമുണ്ടായതായി റേറ്റിങ് ഏജൻസി വ്യക്തമാക്കിയിരുന്നു.