മണ്ണാർക്കാട്: മണ്ണാർക്കാട് ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി യോഗം സംഘർഷത്തിൽ കലാശിച്ചു. ബുധനാഴ്ച രാത്രി ഒമ്പതരയോടെ മണ്ണാർക്കാട് സി.പി.എം ഏരിയ കമ്മിറ്റി ഓഫിസിൽ നടന്ന യോഗമാണ് സംഘർഷത്തിലും ഏറ്റുമുട്ടലിലും കലാശിച്ചത്. ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി റിയാസുദ്ദീൻ, സി.പി.എം ഏരിയ സെക്രട്ടറി യു.ടി. രാമകൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് സംഭവം.
യോഗത്തിൽ 25 അംഗങ്ങളിൽ 23 പേർ പങ്കെടുത്തതായാണ് വിവരം.യോഗത്തിൽ ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ ഷാനിഫിനെ പുറത്താക്കുകയും റഷീദിനെ തരം താഴ്ത്തുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ടാണ് സംഘർഷം. ഏകപക്ഷീയമായി നടപടിയെടുത്തെന്ന് ആരോപിച്ച് ഒരുവിഭാഗം യോഗം ബഹിഷ്കരിച്ച് പുറത്തിറങ്ങി.
ഇതിനിടെ പുറത്തുനിന്നിരുന്ന ഒരുസംഘം യോഗം ബഹിഷ്കരിച്ചിറങ്ങിയവരെ കൈയേറ്റം ചെയ്തുവെന്നാണ് പറയപ്പെടുന്നത്. ഇതോടെ പാർട്ടി ഓഫിസിന് മുന്നിൽ ഇരു ചേരിയായി പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടാവുകയും ഏറ്റുമുട്ടുകയും ചെയ്തു.