ചെങ്ങന്നൂർ> ആധുനികവൽക്കരണത്തോടെ പൊലീസിന്റെ മുഖച്ഛായ മാറിയെന്നും നേരത്തെ ആരംഭിച്ച ജനമൈത്രി പൊലീസ് പ്രയോഗത്തിൽ കൊണ്ടുവരാനായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എംഎൽഎ ആസ്‌തി വികസന ഫണ്ടിൽ നിന്നും 2.65 കോടി രൂപ ചെലവഴിച്ച് നിർമാണം പൂർത്തിയാക്കിയ ചെങ്ങന്നൂർ ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ്, ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷൻ, ചെങ്ങന്നൂരിൽ നടപ്പാക്കിവരുന്ന സമ്പൂർണ കുടിവെള്ള പദ്ധതിയുടെ ഒന്നാം ഘട്ടം, 38.88 കോടി രൂപ ചെലവഴിച്ച് മുളക്കുഴ പഞ്ചായത്തിൽ നിർമിച്ച വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് എന്നിവയുടെ ഉദ്ഘാടനം ഐഎച്ച്ആർഡി എൻജിനിയറിങ് കോളേജിൽ നടത്തുകയായിരുന്നു മുഖ്യമന്ത്രി.
ആധുനിക സാങ്കേതിക വിദ്യയും അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണവും പൊലീസ് സേനയുടെ മുഖച്ഛായ തന്നെ മാറ്റി. പൊലീസിലേക്ക് റിക്രൂട്ട് ചെയ്യുന്നവരിൽ ഉന്നത വിദ്യാഭ്യാസമുള്ളവർ, പ്രൊഫഷണലുകൾ, എം ടെക് റാങ്ക് നേടിയവർ വരെയുണ്ട്. ഇത് പൊലീസിന്റെ കാര്യക്ഷമത വർധിപ്പിച്ചു. ചെങ്ങന്നൂർ നഗരസഭയിലും സമീപ പഞ്ചായത്തുകളിലുമായി ഒന്നര ലക്ഷത്തോളം ഗുണഭോക്താക്കൾക്ക് ശുദ്ധജലം ലഭ്യമാക്കുന്ന പദ്ധതിയുടെ ട്രീറ്റ്മെന്റ് പ്ലാന്റാണ് പൂർത്തിയായത്. കിഫ്ബിയിൽ നിന്നും 199 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. എല്ലാ ഗ്രാമീണ വീടുകളിലും കുടിവെള്ളം ലഭ്യത ഉറപ്പുവരുത്തും . ചെറുപ്പക്കാരുടെ ന്യൂജെൻ വാഹനങ്ങളും ഡ്രൈവിങ് ശൈലിയും വരുത്തിവയ്ക്കുന്ന അപകടങ്ങൾ കുറയ്ക്കുന്നതിന് കാര്യമായ ശ്രമമുണ്ടാകണമെന്നും – മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. ചെങ്ങന്നൂരിൽ കഴിഞ്ഞ രണ്ടു നിയമസഭ തെരഞ്ഞെടുപ്പുകളിൽ പിണറായി വിജയൻ നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെടുകയാണെന്ന് സജി ചെറിയാൻ പറഞ്ഞു. 2018 ലെ പ്രളയത്തിൽ തകർന്ന ചെങ്ങന്നൂരിന് കോടിക്കണക്കിനു രൂപയുടെ വികസനമാണ് പിണറായി സർക്കാർ നൽകിയതെന്നും സജി ചെറിയാൻ പറഞ്ഞു.
ചീഫ് എൻജിനിയർ സജീവ് റിപ്പോർട്ട് അവതരിപ്പിച്ചു. ഡിജിപി ബി സന്ധ്യ , കലക്ടർ ഹരിത വി കുമാർ, ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ, സിപിഐ എം ജില്ല സെക്രട്ടറി ആർ നാസർ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, കെഎസ് സി എം എംസി ചെയർമാൻ എം എച്ച് റഷീദ്, എം ശശികുമാർ, പുഷ്പലത മധു, എൻ പത്മാകരൻ, ടി സി സുനിമോൾ, കെ ആർ മുരളീധരൻ പിള്ള,എം ജി ശ്രീകുമാർ, പ്രസന്ന രമേശൻ, ജെയിൻ ജിനു ജേക്കബ്ബ്, പി വി സജൻ, വത്സല മോഹൻ, ഹേമലത മോഹൻ,മഞ്ജുള ദേവി, സുജ രാജീവ്, കെ ആർ രാധാഭായി, ബീന ചിറമേൽ, മറിയക്കുട്ടി ജോർജ്, ഒ എസ് ഉണ്ണികൃഷ്ണൻ, ജി വിവേക്, ആർ സന്ദീപ്, ജേക്കബ്ബ് മാത്യു മുല്ലശ്ശേരിൽ, ഷിബു ഉമ്മൻ, ഗിരീഷ് ഇലഞ്ഞിമേൽ, ടി സി ഉണ്ണികൃഷ്ണൻ, ടിറ്റി എം വർഗീസ്, സജി വള്ളുവന്താനം എന്നിവർ സംസാരിച്ചു.സ്വാഗതസംഘം ജനറൽ കൺവീനർ ജെബിൻ പി വർഗീസ് സ്വാഗതവും വി വിജി നന്ദിയും പറഞ്ഞു.