മലപ്പുറം: ഇൻഷുറൻസ് തുക അടവാക്കുന്നതിൽ ബാങ്കിന് വീഴ്ച സംഭവിച്ചതിൽ ഫർണിച്ചർ കട ഉടമയ്ക്ക് 11.1 ലക്ഷം രൂപ നൽകാൻ ജില്ലാ ഉപഭോക്തൃ കമ്മീഷൻ വിധി. എടവണ്ണയിലെ കുണ്ടുതോട് ടിമ്പർ ആൻഡ് ഫർണിച്ചർ കടയുടമ മുഹമ്മദ് മുസ്തഫ നൽകിയ പരാതിയിലാണ് കാനറാ ബാങ്കിനെതിരെ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍റെ വിധി.
2018 ആഗസ്റ്റ് മാസത്തിലുണ്ടായ പ്രളയത്തിൽ ഫർണിച്ചർ കടയിൽ വെള്ളം കയറി പത്ത് ലക്ഷം രൂപയുടെ നഷ്ടമുണ്ടായിരുന്നു. ബാങ്കിൽ നിന്നും കടമെടുത്ത് 13 വർഷമായി ഇൻഷുറൻസ് പരിരക്ഷയോടെയാണ് സ്ഥാപനം നടത്തിയത്. എല്ലാ വർഷവും ഇൻഷുറൻസ് പ്രീമിയം ബാങ്ക് അടവാക്കി വന്നിരുന്നു. എന്നാൽ, വെള്ളപ്പൊക്കത്തെ തുടർന്ന് 2018 -ൽ ഇൻഷുറൻസ് കമ്പനിയെ നഷ്ടപരിഹാരത്തിനായി സമീപിച്ചപ്പോൾ പ്രീമിയം അടക്കാത്തതിനാൽ ഇൻഷൂറൻസ് നിഷേധിക്കുകയായിരുന്നു. ഇതോടെയാണ് പരാതിക്കാരൻ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്.
പരാതിക്കാരന്‍റെ അക്കൗണ്ടിൽ നിന്നും ഇൻഷൂറൻസ് പ്രീമിയത്തിനായി 16,815 രൂപ ബാങ്ക് മാറ്റിവെച്ചെങ്കിലും അത് കമ്പനിക്ക് നൽകിയിരുന്നില്ല. പരാതിക്കാരൻ മതിയായ രേഖകൾ നൽകാത്തതിനാലാണ് ഇൻഷുറൻസിൽ പണം അടവാക്കാതിരുന്നതെന്ന ബാങ്കിന്‍റെ വാദം ഉപഭോക്തൃ കമ്മീഷൻ അംഗീകരിച്ചില്ല. ഇൻഷുറൻസ് തുകയായി പത്ത് ലക്ഷം രൂപയും സേവനത്തിൽ വീഴ്ച വരുത്തിയതിന് ഒരു ലക്ഷം രൂപയും കോടതി ചെലവായി 10,000 രൂപയും പരാതിക്കാരന് നൽകാനാണ് കെ. മോഹൻദാസ് പ്രസിഡന്‍റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ മെമ്പർമാരുമായ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍റെ വിധി. ഒരു മാസത്തിനകം വിധി സംഖ്യ നൽകാതിരുന്നാൽ മുഴുവൻ സംഖ്യക്കും വിധിയായ തീയതി മുതൽ ഒമ്പത് ശതമാനം പലിശ നൽകണമെന്നും വിധിയിലുണ്ട്.