വണ്ടിപ്പെരിയാർ> ചുരക്കുളത്ത് പീഡനത്തിനിരയായി അതിക്രൂരമായി കൊലചെയ്യപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് കൈത്താങ്ങുമായി സിപിഐ എം. കടബാധ്യതമൂലം പ്രതിസന്ധിയിലായ കുടുംബത്തിനായി സമാഹിരിച്ച 11 ലക്ഷം രൂപ പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കൈമാറി.
ബാങ്കിൽനിന്ന് എടുത്ത വായ്പയും പലിശയും ഉൾപ്പെടെ ഏഴര ലക്ഷവും വീട് പൂർത്തീകരണത്തിന് ആവശ്യമായ സാമ്പത്തികസഹായവും നൽകുമെന്ന് സിപിഐ എം നേരത്തെ വ്യക്തമാക്കിയിരുന്നു. വണ്ടിപ്പെരിയാർ കേസിൽ നമ്മൾ ആരും ആഗ്രഹിക്കാത്ത വിധിയാണ് കേസിൽ വന്നതെന്നും പ്രഗത്ഭനായ വക്കീലിനെ സ്പെഷ്യൽ പ്രോസിക്യൂട്ടർ ആയി നിയമിച്ച് അപ്പീൽ തുടരുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിൽ തെളിവില്ലെന്ന് കണ്ട് പ്രതിയെ കോടതി വെറുതെ വിട്ടിരുന്നു. 2021 ജൂൺ 30ന് വണ്ടിപ്പെരിയാർ ചുരക്കുളം എസ്‌റ്റേറ്റ് ലയത്തിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായിരുന്നു അർജുൻ. എന്നാൽ, കൊലപാതകവും ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി കട്ടപ്പന അതിവേഗ സ്പെഷൽ കോടതി പ്രതിയെ വെറുതെ വിടുകയായിരുന്നു.