തിരുവനന്തപുരം: ലഹരി വിരുദ്ധ ക്യാമ്പയിനിൽ പങ്കെടുത്ത ശേഷം ബാറിൽ പോയി മദ്യപിച്ച അഭിജിത്തിനെതിരെ സിപിഎം നടപടി. അഭിജിത്തിനെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്താൻ സിപിഎം ഏരിയ കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചു. സഹപ്രവർത്തകയോട് മോശമായി ഫോണിൽ സംസാരിച്ചതിന്റെ പേരിലാണ് നടപടിയെന്ന് സിപിഎം അറിയിച്ചു. പരാതിക്കാരിയുടെ ഭർത്താവിനോട് അനുനയത്തിന് അഭിജിത്ത് ശ്രമിച്ചുവെന്നും പരാതിയുണ്ട്. ഇക്കാര്യം പരിശോധിക്കാൻ പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചു. സിപിഎം നേമം ഏര്യാകമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം.
തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗം അഭിജിത്തിനെയും നേമം ഏരിയാ പ്രസിഡന്‍റ് ആഷികിനെയും നേമം ഡി വൈ എഫ് ഐ ഏരിയാ കമ്മിറ്റി നേരത്തെ അന്വേഷണ വിധേയമായി പുറത്താക്കിയിരുന്നു. ആംബുലൻസ് ഫണ്ടിൽ നിന്നും ഒരു ലക്ഷം രൂപ തട്ടിയെടുത്തെന്ന ആരോപണത്തിൽ ഏരിയാ സെകട്ടറി മണിക്കുട്ടനും മറ്റൊരു ജില്ലാ കമ്മിറ്റിയംഗം നിതിൻ രാജിനുമെതിരെ അന്വേഷണം നടത്താനും ഡി വൈ എഫ് ഐ തീരുമാനമുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന തിരുവനന്തപുരം ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി യോഗമാണ് അന്വേഷണം നടത്താൻ തീരുമാനിച്ചത്. ഈ സംഭവങ്ങൾ സി പി എമ്മിന് വലിയ ക്ഷീണമായി. ഇതിന് പിന്നാലെ സി പി എം സംസ്ഥാന കമ്മിറ്റിയിൽ ജില്ലാ കമ്മിറ്റിക്കെതിരെ ശക്തമായ വിമർശനം ഉയര്‍ന്നിരുന്നു.
സിപിഎം തിരുവനന്തപുരം ജില്ലാ നേതൃത്വത്തെയാണ് സംസ്ഥാന കമ്മിറ്റി വിമർശിച്ചത്. പ്രവർത്തകരെ നിയന്ത്രിക്കാൻ ആകുന്നില്ലെന്ന വിമർശനമാണ് ജില്ലാകമ്മിറ്റിക്ക് നേരെ ഉയർന്നത്. നേതൃത്വത്തിന് പ്രവർത്തകരുടെ മേലുള്ള നിയന്ത്രണം നഷ്ടമായെന്നും പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കുന്ന സംഭവങ്ങൾ ഉണ്ടാകുന്നുവെന്നും ഇത്തരം സംഭവങ്ങൾ കർശനമായി തടയണമെന്നും ജില്ലാ കമ്മിറ്റി നേതൃത്വത്തോട് സി പി എം സംസ്ഥാന സമിതി ചൂണ്ടികാട്ടി. ലഹരി വിരുദ്ധ പരിപാടിയിൽ പങ്കെടുത്ത പാർട്ടി ഏരിയ കമ്മിറ്റി അംഗം മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്ന സംഭവത്തിലടക്കമാണ് സംസ്ഥാന സമിതിൽ ജില്ലാ നേതൃത്വത്തിനെതിരെ വിമർശനം ശക്തമായത്.