ടെക്സാസ്: ടെക്സാസിലെ മൃഗശാലയില്‍ നിന്ന് 20 വര്‍ഷം മുന്‍പ് കാണാതായ മുതല തിരിച്ചെത്തി. ഓമന മൃഗമാക്കി വളര്‍ത്താന്‍ മോഷ്ടിച്ചുവെന്ന കരുതപ്പെടുന്ന മുതലയെയാണ് 20 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തിയത്. ന്യൂ ബ്രൌണ്‍ഫെല്‍സിലെ അനിമല്‍ വേള്‍ഡ് ആന്‍ഡ് സ്നേക്ക് ഫാം മൃഗശാലയില്‍ നിന്നാണ് മുതല മോഷണം പോയത്. ഈ മുതലയാണ് വെള്ളിയാഴ്ച മൃഗശാലയിലേക്ക് തിരികെ എത്തിയത്. സമീപ പ്രദേശത്ത് ശല്യമുണ്ടാക്കുന്ന മുതലകളെ പിടിക്കാനുള്ള ശ്രമത്തിലാണ് ഈ മുതലെയ മൃഗശാല അധികൃതര്‍ കണ്ടെത്തിയത്. കാള്‍ഡ് വെല്‍ കൌണ്ടി മേഖലയില്‍ ഭയം ജനിപ്പിക്കുന്ന രീതിയില്‍ കണ്ട മുതലയെ പിടികൂടാന്‍ നാട്ടുകാരാണ് മൃഗശാല അധികൃതരുടെ സഹായം തേടിയത്.
ഈ മുതലയെ തീരെ കുഞ്ഞായിരുന്ന സമയത്ത് മൃഗശാലയിലെ വോളന്‍റിയറായ വ്യക്തി തന്നെയാണ് മോഷ്ടിച്ചതെന്നാണ് കരുതപ്പെടുന്നത്. ഇയാള്‍ക്ക് പിഴ ചുമത്തിയെങ്കിലും മുതലക്കുഞ്ഞിനെ കണ്ടെത്താനായിരുന്നില്ല. ഈ മുതലക്കുഞ്ഞിനെ മ്റ്റാര്‍ക്കെങ്കിലും കൊടുത്തോയെന്ന കാര്യവും ഇയാള്‍ തുറന്നു പറഞ്ഞിരുന്നില്ല. വിചാരിച്ചതിലും അധികം വലുപ്പം വയ്ക്കുകയും ശല്യക്കാരനും ആയതിന് പിന്നാലെ അരുമ മൃഗമാക്കാനുള്ള ശ്രമം ഉപേക്ഷിച്ച് മുതലയെ കളഞ്ഞതായിരിക്കും സംഭവമെന്നാണ് മൃഗശാല അധികൃതര്‍ വിശദമാക്കുന്നത്.
ടേവ എന്ന പേര് നല്‍കിയാണ് മൃഗശാല അധികൃതര്‍ മുതലയെ പുതിയ താവളത്തിലേക്ക് മാറ്റിയത്. മറ്റ് മുതലകളുമായി ടേവയെ പതുക്കെ പരിചയപ്പെടുത്തുമെന്നും അവരിലൊരാളായി ടേവ മാറുമെന്നാണ് പ്രതീക്ഷയെന്നും മൃഗശാല അധികൃതര്‍ പറയുന്നു. കണ്ടെത്തുമ്പോള്‍ എട്ട് അടിയിലും വലുപ്പമുള്ള നിലയിലാണ് മുതലയുണ്ടായിരുന്നത്.
നേരത്തെ ദല്ലാസിലെ മൃഗശാലയില്‍ അതീവ സുരക്ഷയില്‍ പാര്‍പ്പിച്ചിരുന്ന അപൂര്‍വ്വയിനം കുരങ്ങുകളെ കാണാതായിരുന്നു. ഇവയെ പിന്നീട് ദക്ഷിണ ദല്ലാസിലെ ഉപേക്ഷിക്കപ്പെട്ട വീട്ടിലെ അലമാരിയില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയിരുന്നു. കുരങ്ങുകളെ കാണാതായതില്‍ സംശയമുണ്ടെന്ന് തോന്നുന്ന വ്യക്തിയെ കണ്ടെത്താന്‍ സഹായം ആവശ്യപ്പെട്ടുള്ള പൊലീസ് സന്ദേശം പുറത്ത് വന്നതിന് പിന്നാലെയാണ് ഇവയെ കണ്ടെത്തിയത്. ജനുവരി 21ന് വംശനാശ ഭീഷണി നേരിടുന്ന വിഭാഗത്തിലുള്ള കഴുകനെ അസാധാരണമായ മുറിവുകളോടെ മൃഗശാലയില്‍ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു.