കൊൽക്കത്ത: എട്ട് പേരെ ചുട്ടുകൊന്ന ബിർഭും ആക്രമണത്തിന് പിന്നാലെ സിക്കന്ദപൂരിൽ നിന്ന് വീണ്ടും ബോംബുകൾ കണ്ടെടുത്തതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ബംഗാൾ പൊലീസാണ് ബോംബുകൾ കണ്ടെടുത്തത്. പ്രദേശത്തെ ഒരു ഫുട്ബോൾ ഗ്രൗണ്ടിന് സമീപം പ്ലാസ്റ്റിക് ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകൾ. ഇത് നിർവീര്യമാക്കുന്നതിനായി ബോംബ് സ്ക്വാഡിനെ വിളിച്ചു വരുത്തി.
സമാന രീതിയിൽ ഇന്നലെയും രാംപുർഹട്ടിനടുത്തുള്ള പ്രദേശങ്ങളിൽ നിന്ന് പൊലീസ് സംഘം ബോംബുകൾ കണ്ടെടുത്തിരുന്നു. നിർമാണം നടക്കുന്ന കെട്ടിടത്തിനകത്ത് നാല് ബക്കറ്റുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകൾ. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണ്.
തിങ്കളാഴ്ചയുണ്ടായ തൃണമൂൽ കോൺഗ്രസ് പ്രവർത്തകന്‍റെ മരണത്തിന് പിന്നാലെ രാംപൂർഹട്ടിൽ എട്ട് പേരെ ജീവനോടെ ചുട്ടുകൊന്നിരുന്നു. ബംഗാൾ പൊലീസ് അന്വേഷിച്ചിരുന്ന കേസ് കൊൽക്കത്ത ഹൈകോടതിയുടെ ഉത്തരവ് പ്രകാരം സി.ബി.ഐക്ക് കൈമാറിയിരിക്കുകയാണ്. അക്രമത്തിൽ 21 പേരെ പ്രതിയാക്കി സിബിഐ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.