വിതുര : കോളജ് വിദ്യാർഥിനിയായ ദലിത് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി റിമാൻഡിൽ. വിതുര ചിറ്റാർ സ്വദേശി ശ്രീജിത്ത് ജി. നാഥ് ആണു റിമാൻഡിലായത്. തിങ്കളാഴ്ച ആണു പെൺകുട്ടി ആത്മഹത്യ ചെയ്തത്. സംഭവത്തെ കുറിച്ചു പോലീസ് പറയുന്നത് ഇങ്ങനെ പ്രതിയും പെൺകുട്ടിയും തമ്മിൽ ഏതാനും മാസങ്ങളായി അടുപ്പത്തിലായിരുന്നു. പ്രതിക്കു മറ്റു ചിലരുമായി അടുപ്പം ഉണ്ടെന്ന് അറിഞ്ഞ പെൺകുട്ടി പ്രതിയുമായി തർക്കമുണ്ടാക്കി. ഇതോടെ വിവാഹ വാഗ്ദാനത്തിൽ നിന്നു പിന്മാറുന്നതായി പ്രതി പെൺകുട്ടിയെ ഫോണിലൂടെ അറിയിച്ചു. തുടർന്നു താൻ ആത്മഹത്യ ചെയ്യാൻ പോകുകയാണെന്നു പെൺകുട്ടി പ്രതിയോടു പറഞ്ഞു ഫോൺ കട്ട് ചെയ്തു. കുറച്ചു നേരം കഴിഞ്ഞു പ്രതി പെൺകുട്ടിയെ തിരിച്ചു വിളിച്ചെങ്കിലും ഫോണിൽ കിട്ടിയില്ല. തുടർന്ന് പ്രതി പെൺകുട്ടിയുടെ വീടിനു സമീപം എത്തി. പെൺകുട്ടി ആത്മഹത്യ ചെയ്തെന്ന വിവരമാണു പ്രതിക്കു അപ്പോൾ അറിയാൻ കഴിഞ്ഞത്.
ഈ സമയം തന്ത്രത്തിൽ വീടിനുള്ളിൽ കയറി പെൺകുട്ടിയുടെ ഫോൺ കൈക്കലാക്കിയ പ്രതി അതിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്യവെ സംശയം തോന്നിയ പരിസര വാസികൾ തടഞ്ഞു വെച്ചു പോലീസിൽ ഏൽപ്പിച്ചു. വിതുര ഇൻസ്പെക്ടർ എസ്. ശ്രീജിത്ത്, സബ് ഇൻസ്പെക്ടർ എസ്.എൽ. സുധീഷ്, ജിഎസ്ഐ: സതി കുമാർ എന്നിവർ പ്രതിയെ കസ്റ്റഡിയിൽ എടുത്തു.പ്രതിക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്കും പട്ടിക ജാതി, വർഗ അതിക്രമങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട വകുപ്പ് പ്രകാരവുമാണു കേസെടുത്തത്.