പശ്ചിമേഷ്യന്‍ ഭൂമിയിലെ യുദ്ധം രണ്ടാഴ്ച പിന്നിടുമ്പോള്‍, ഗാസയിലെ നിവാസികള്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വേണ്ടി പോരാടുകയാണ്. വെള്ളവും ഭക്ഷണവും വസ്ത്രവും വീടും തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഗാസ ജനതയ്ക്ക് ലഭിക്കുന്നത് തന്നെ കഷ്ടിച്ചാണ്. ഗാസയിലേക്ക് 20 ട്രക്കുകള്‍ ഭക്ഷണവും വെള്ളവുമായി എത്തിയതിനെ കടലിലൊരു തുള്ളിയെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വിശേഷിപ്പിച്ചത്.
ഗാസയുടെ വടക്കന്‍ ഭാഗത്തുള്ള 1.1 ദശലക്ഷം പലസ്തീനികളെ ഒഴിപ്പിക്കാന്‍ ഇസ്രയേല്‍ ഉത്തരവിച്ചതിന് പിന്നാലെ തെക്കന്‍ ഗാസ നഗരമായ ഖാന്‍ യൂനിസ് അടക്കമുള്ള സ്ഥലങ്ങളിലേക്കാണ് പലസ്തീനികള്‍ വീടും കുടുംബവും ഉപേക്ഷിച്ച് ചേക്കേറിയത്.
റേഷന്‍ കടയില്‍ ക്യൂ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിന് സമാനമാണ് ഗാസയില്‍ കുടിവെള്ളത്തിനായി ജനത കാത്തിരിക്കുന്നത്. ഓരോരുത്തര്‍ക്കും അളന്ന് മുറിച്ച് കൊടുക്കാവുന്ന തരത്തില്‍ മാത്രമാണ് കുടിവെള്ളം ലഭ്യമാകുന്നത്. അടിയന്തര മാനുഷിക സഹായം വിതരണം ചെയ്തില്ലെങ്കില്‍ ജല, ശുചിത്വ സേവനങ്ങളുടെ തകര്‍ച്ച കോളറയ്ക്കും മറ്റ് മാരകമായ പകര്‍ച്ചവ്യാധികള്‍ക്കും കാരണമാകുമെന്ന് ഓക്‌സ്ഫാമും യുഎന്‍ ഏജന്‍സികളും മുന്നറിയിപ്പ് നല്‍കുന്നു.
ഹമാസ് ആക്രമണത്തെത്തുടര്‍ന്ന് ഇസ്രയേല്‍ ഗാസയില്‍ സമ്പൂര്‍ണ ഉപരോധം പ്രഖ്യാപിച്ചതിന് ശേഷം ഗാസയിലേക്കുള്ള ജല പൈപ്പ് ലൈന്‍ ഇസ്രയേല്‍ വിച്ഛേദിച്ചു. ഗാസയിലെ 65 മലിനജല പമ്പിംഗ് സ്റ്റേഷനുകളില്‍ ഭൂരിഭാഗവും പ്രവര്‍ത്തനം നിലച്ചു. ഓക്സ്ഫാം പറയുന്നതനുസരിച്ച്, സംസ്‌കരിക്കാത്ത മലിനജലം തുറന്നുവിടുകയാണ്. തെരുവുകളില്‍ സംസ്‌കരിക്കാന്‍ കാത്തിരിക്കുന്ന മൃതദേഹങ്ങള്‍ക്കൊപ്പം ഖരമാലിന്യങ്ങളും അവശേഷിക്കുന്നു.
ഡീസലിനേഷന്‍ പ്ലാന്റുകള്‍ പ്രവര്‍ത്തനം നിര്‍ത്തിയത് മൂലമുണ്ടായ വൈദ്യുതി ക്ഷാമം കാരണം ജനവാസ കേന്ദ്രങ്ങളിലേക്ക് വെള്ളം പമ്പ് ചെയ്യാന്‍ നഗരസഭകള്‍ക്ക് കഴിയുന്നില്ല. ചിലര്‍ ഉപ്പിട്ട ടാപ്പ് വെള്ളത്തെ ആശ്രയിക്കുന്നു. അല്ലെങ്കില്‍ കടല്‍ വെള്ളം കുടിക്കാന്‍ നിര്‍ബന്ധിതരാകുന്നു.