മെൽബൺ : ലോക ഒന്നാം നമ്പർ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിനെ ഓസ്ട്രേലിയ നാടുകടത്തി. വിസ റദ്ദാക്കിയ ഓസ്ട്രേലിയൻ ഭരണകൂടത്തിന്റെ നടപടി ചോദ്യം ചെയ്ത് ജോക്കോവിച്ച് നൽകിയ അപ്പീൽ കോടതി തള്ളി. ഇതോടെ താരത്തെ ഓസ്ട്രേലിയയിൽ നിന്ന് നാടുകടത്തിയത്. ഇനി മൂന്നു വർഷത്തേക്ക് ഓസ്ട്രേലിയയിൽ പ്രവേശിക്കാനുമാകില്ല. വിസ റദ്ദാക്കിയ ഓസ്ട്രേലിയൻ സർക്കാരിന്റെ നടപടി മെൽബണിലെ ഫെഡറൽ കോടതി ശരിവെയ്ക്കുകയായിരുന്നു. ഇതോടെ തിങ്കളാഴ്ച ആരംഭിച്ച ഓസ്ട്രേലിയൻ ഓപ്പൺ താരത്തിന് നഷ്ടമായി. ഓസ്ട്രേലിയയിൽ നിന്ന് തിരിച്ച ജോക്കോവിച്ച് തിങ്കളാഴ്ച ദുബായിലെത്തിയിട്ടുണ്ട്. ഇവിടെ നിന്നും താരം സ്വന്തം നാടായ സെർബിയയിലേക്ക് തിരിക്കും. ഓസ്ട്രേലിയൻ ഓപ്പണിൽ മത്സരിക്കാൻ ഈ മാസം അഞ്ചിന് മെൽബണിലെത്തിയ ജോക്കോവിച്ചിനെ വിമാനത്താവളത്തിൽ പിടികൂടി വിസ റദ്ദാക്കിയിരുന്നു. തുടർന്ന് അഭയാർഥികളെ പാർപ്പിക്കുന്ന ഹോട്ടലിലേക്ക് മാറ്റി. കോവിഡിനെതിരായ വാക്സിൻ സ്വീകരിക്കാതെയാണ് ജോക്കോ എത്തിയത്. വാക്സിനേഷനിൽ ഇളവുനേടിയതിന്റെ വ്യക്തമായ രേഖകളും ഹാജരാക്കാനായില്ല. ഇതിനെതിരേ കോടതിയെ സമീപിച്ച ജോക്കോ അനുകൂലവിധി സമ്പാദിച്ചു. വിസ പുനഃസ്ഥാപിച്ചുകിട്ടി. പിന്നാലെ മോചിതനായ ജോക്കോ പരിശീലനവും തുടങ്ങി.
എന്നാൽ പ്രത്യേകാധികാരം ഉപയോഗിച്ച് ഓസ്ട്രേലിയൻ കുടിയേറ്റമന്ത്രി വിസ വീണ്ടും റദ്ദാക്കുകയായിരുന്നു. വാക്സിനെടുക്കാത്ത ജോക്കോയെ പൊതുസമൂഹത്തിന് ഭീഷണിയായും പ്രഖ്യാപിച്ചു. കോവിഡ് വാക്സിൻ എടുക്കാതെ ഓസ്ട്രേലിയയിൽ പ്രവേശിച്ചതിനാലാണ് ജോക്കോവിച്ചിനെതിരെ നടപടിയെടുത്തതെന്നും പൊതുതാത്പര്യം കണക്കിലെടുത്താണ് വിസ റദ്ദാക്കാനുള്ള തീരുമാനമെടുത്തതെന്നും കുടിയേറ്റ മന്ത്രി അലെക്സ് ഹോക് വ്യക്തമാക്കി. ഇതിനെതിരേ താരം വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ മൂന്നംഗ ഫെഡറൽ കോടതി ജോക്കോയുടെ അപ്പീൽ തള്ളി. ഈ അന്തിമവിധിക്കെതിരേ വീണ്ടും കോടതിയെ സമീപിക്കാൻ ജോക്കോയ്ക്ക് കഴിയില്ലായിരുന്നു. ജോക്കോ പുറത്തായതോടെ ഓസ്ട്രേലിയൻ ഓപ്പണിന്റെ മത്സരക്രമവും മാറും. തിങ്കളാഴ്ച അദ്ദേഹത്തിന്റെ ആദ്യമത്സരം നിശ്ചയിച്ചിരുന്നതാണ്. ഗ്രാന്റ്സ്ലാം കിരീടങ്ങളുടെ എണ്ണത്തിൽ ഒറ്റയ്ക്കുമുന്നിലെത്തി ചരിത്രം കുറിക്കാമെന്ന ജോക്കോയുടെ സ്വപ്നമാണ് തകർന്നത്. റോജർ ഫെഡറർ, റാഫേൽ നഡാൽ, ജോക്കോവിച്ച് എന്നിവർക്ക് 21 വീതം കിരീടമാണുള്ളത്. മെൽബൺ പാർക്ക് ജോക്കോയുടെ പ്രിയപ്പെട്ട വേദിയാണ്. ഒമ്പതുവട്ടം അദ്ദേഹം ഇവിടെ ചാമ്പ്യനായിരുന്നു. ഇക്കുറി ഹോട്ട് ഫേവറിറ്റുമായിരുന്നു. ജോക്കോവിച്ചുമായി സെർബിയൻ പ്രസിഡന്റ് അലെക്സാണ്ടർ വുസിച്ച് ഫോണിൽ സംസാരിച്ചു. താരത്തെ നാട്ടിൽ സ്വീകരിക്കാൻ കാത്തിരിക്കുകയാണെന്ന് വുസിച്ച് പറഞ്ഞു.
ഡിസംബർ 16-ന് താൻ കോവിഡ് പോസിറ്റീവായിരുന്നതിനാലാണ് വാക്സിൻ എടുക്കാതിരുന്നത് എന്നാണ് ജോക്കോ കോടതിയിൽ വാദിച്ചത്. എന്നാൽ, അതിന്റെ പിറ്റേന്ന് ചടങ്ങുകളിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇതോടെ കോവിഡ് ചട്ടങ്ങളുമായി ബന്ധപ്പെട്ട വീഴ്ചകൾ സമ്മതിച്ച് ജോക്കോവിച്ച് രംഗത്തെത്തി. ഇമിഗ്രേഷൻ ഫോമിൽ തെറ്റായ വിവരങ്ങൾ നൽകിയെന്നും കോവിഡ് പോസിറ്റീവായിരുന്നപ്പോൾ ഒരു മാധ്യമറിപ്പോർട്ടറുമായി സംസാരിച്ചെന്നും താരം പറഞ്ഞു. ഇമിഗ്രേഷൻ ഫോമിൽ, രണ്ടാഴ്ചയ്ക്കിടെ യാത്രകൾ നടത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു ജോക്കോ നൽകിയ മറുപടി. എന്നാൽ സ്പെയിനിലേക്കും മറ്റും യാത്രചെയ്തതിന്റെ തെളിവുകൾ പിന്നാലെ കിട്ടി. ഏജന്റിന് പറ്റിയ കൈയബദ്ധമാണ് എന്നാണ് ജോക്കോ വിശദീകരിച്ചത്. കോവിഡിന്റെ ദുർഘടകാലത്ത് ഇത്തരം തെറ്റുകൾ സംഭവിക്കും എന്നുമായിരുന്നു അദ്ദേഹത്തിന്റെ ന്യായം.