കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഏറെ നാളുകൾക്ക് ശേഷമാണ് ഏഷ്യൻ രാജ്യമായ കംബോഡിയ വിദേശ സഞ്ചാരികൾക്കായി ഈയിടെ വാതിൽ തുറന്നത്. എന്നാൽ ഉടൻ തന്നെ ഒമിക്രോണിന്‍റെ പേരിൽ ലോകത്ത് പ്രതിസന്ധി ഉടലെടുത്തു. ആഫ്രിക്കയിലാണ് കോവിഡിന്‍റെ ഈ പുതിയ വകഭേദം ആദ്യം സ്ഥിരീകരിച്ചത്. ഉടൻ തന്നെ പല രാജ്യങ്ങളും ആഫ്രിക്കക്കാർക്ക് വിലക്ക് ഏർപ്പെടുത്താൻ തുടങ്ങി. കംബോഡിയയും വിലക്കേർപ്പെടുത്തിയ കൂട്ടത്തിലുണ്ടായിരുന്നു. എന്നാൽ അവർ 10 ആഫ്രിക്കൻ രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ യാത്രാവിലക്ക് ഇപ്പോൾ നീക്കിയിരിക്കുകയാണ്. ബോട്സ്വാന, എസ്വാതിനി, ലെസോത്തോ, മൊസാംബിക്, നമീബിയ, ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, മലാവി, അംഗോള, സാംബിയ എന്നിവയാണവ.
ഒമിക്രോണിന്‍റെ പേരിൽ ഏഴ് ദിവസം മുമ്പ് ഏർപ്പെടുത്തിയ വിലക്കാണ് ഇപ്പോൾ നീക്കിയത്. തീരുമാനത്തിന് പ്രധാനമന്ത്രി ഹുൻ സെൻ അംഗീകാരം നൽകുകയും ആരോഗ്യമന്ത്രി മാം ബുൻഹെങ് വാർത്ത പങ്കുവെക്കുകയും ചെയ്തു. മുകളിൽ സൂചിപ്പിച്ച ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഇനി കംബോഡിയ സന്ദർശിക്കാം. ഒമിക്രോൺ വേരിയന്‍റിന്‍റെ പേരിൽ ദക്ഷിണാഫ്രിക്കൻ രാജ്യങ്ങളെ ഒറ്റപ്പെടുത്തുന്നതിൽ യു.എൻ സെക്രട്ടറി ജനറൽ ആന്‍റോണിയോ ഗുട്ടെറസ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിനെ തുടർന്നാണ് കംബോഡിയയുടെ പുതിയ തീരുമാനം. ഈ പത്ത് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരും 14 ദിവസത്തിനിടെ ആഫ്രിക്കൻ രാജ്യങ്ങൾ സന്ദർശിച്ചവരും കംബോഡിയയിൽ എത്തുമ്പോൾ ആർടിപിസിആർ പരിശോധനക്ക് വിധേയരാകണം. ഫലം നെഗറ്റീവായാലും ഏഴ് ദിവസത്തെ ക്വാറന്‍റീനിൽ കഴിയണം. ആറാം ദിവസം പിസിആർ ടെസ്റ്റ് നടത്തണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.വാക്സിനേഷൻ എടുത്തവർ അവരുടെ സർട്ടിഫിക്കറ്റുകൾ കാണിക്കുകയും 72 മണിക്കൂറിൽ കൂടുതൽ പഴക്കമില്ലാത്ത പി.സി.ആർ ടെസ്റ്റ് റിപ്പോർട്ട് കൈവശം വെക്കുകയും വേണം. പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവർ 14 ദിവസം ക്വാറന്‍റീനിൽ കഴിയേണ്ടിവരും. നവംബർ 24ന് ദക്ഷിണാഫ്രിക്കയിലാണ് ഒമിക്രോൺ വേരിയന്‍റ് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതുവരെ, ഏകദേശം 40 രാജ്യങ്ങളിൽ ഈ വകഭേദം കണ്ടെത്തി. എന്നാൽ കംബോഡിയയിൽ ഒമിക്രോൺ സ്ഥിരീകരിച്ചിട്ടില്ല.