കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് നമ്മള്‍ അറിഞ്ഞോ അറിയാതെയോ തന്നെ നമ്മുടെ ജീവിതരീതികളിലും ശീലങ്ങളിലുമെല്ലാം മാറ്റങ്ങള്‍ വരാം. അത്തരത്തില്‍ മഴക്കാലമാകുമ്പോഴും നമ്മുടെ ഭക്ഷണമടക്കമുള്ള ഒരുപാട് കാര്യങ്ങളില്‍ വ്യത്യാസം വരുന്നുണ്ട്. ഇങ്ങനെ മഴക്കാലത്ത് കാണുന്നൊരു പ്രത്യേകതയാണ് ആളുകള്‍ ഇടവിട്ട് ചായയും കാപ്പിയും കുടിക്കുന്ന ശീലം. തങ്ങിനില്‍ക്കുന്ന തണുപ്പിനെ പ്രതിരോധിക്കാൻ അല്‍പം ചൂട് എന്ന നിലയിലാണ് മിക്കവരും മഴക്കാലത്ത് ചായയും കാപ്പിയുമെല്ലാം കൂടെക്കൂടെ കഴിക്കുന്നത്. എന്നാല്‍, ഇങ്ങനെ ചായയും കാപ്പിയും കഴിക്കുന്നത് അധികമായാല്‍ അത് പതിയെ രാത്രിയിലെ ഉറക്കത്തെ ബാധിക്കും. വിശേഷിച്ച് വൈകുന്നേരത്തിന് ശേഷമുള്ള ചായയും കാപ്പിയും. ചായയിലും കാപ്പിയിലുമെല്ലാം അടങ്ങിയിരിക്കുന്ന ‘കഫീൻ’ ആണ് ഉറക്കപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നത്.
കഫീൻ മിതമായ അളവിലാണെങ്കില്‍ അത് ഉന്മേഷത്തിന് ഉപകരിക്കും. പക്ഷേ അധികമാകുമ്പോഴാണ് അത് ഉറക്കപ്രശ്നങ്ങളിലേക്ക് നയിക്കുക. കഫീൻ ശരിക്കും തലച്ചോറില്‍ രാസപ്രവര്‍ത്തനങ്ങള്‍ക്ക് കാരണമായിട്ട് തന്നെയാണ് ഉറക്കത്തെ അലോസരപ്പെടുത്തുന്നത്. എന്ന് മാത്രമല്ല നെഞ്ചിടിപ്പ് കൂടുക, ഉത്കണ്ഠയുള്ളവരില്‍ ഇത് കൂട്ടുക, ഷുഗര്‍ നില മാറ്റുക എന്നിങ്ങനെ പല പ്രയാസങ്ങളും കഫീൻ സൃഷ്ടിക്കാം. പതിവായി അമിതമായി കഫീൻ അകത്തെത്തുന്നത് ദഹനവ്യവസ്ഥയെയും നല്ലതുപോലെ ബാധിക്കും. ഗ്യാസ്- ഇത് സംബന്ധമായ പ്രശ്നങ്ങളൊക്കെ ഇതോടെ പതിവാകാം.
പലരും രാത്രിയിലെ ഉറക്കം സുഖകരമാകുന്നില്ലെന്ന് മനസിലാക്കുകയേ ഇല്ല. ശേഷം പകല്‍സമയത്ത് ഉറക്കംതൂങ്ങിയിരിക്കും. മഴക്കാലത്ത് പകല്‍ ഉറക്കക്ഷീണം തോന്നുന്നതിന് പിന്നിലെ ഒരു പ്രധാന കാരണം ഈ അധികമായ ചായയും കാപ്പിയും തന്നെയാകാം. ഇക്കാര്യം നിങ്ങള്‍ക്ക് പരിശോധിച്ച് നോക്കാവുന്നതാണ്. മഴ സീസണില്‍ നിങ്ങള്‍ക്ക് ഇത്തരത്തില്‍ പകല്‍സമയം ഉറക്കക്ഷീണം അനുഭവപ്പെടുന്നു എങ്കില്‍ ചായയും കാപ്പിയും കുറച്ചുനോക്കുകയോ ഒഴിവാക്കി നോക്കുകയോ ചെയ്യാം. തുടര്‍ന്ന് എങ്ങനെയുണ്ട് പകല്‍സമത്തെ അവസ്ഥയെന്നും പരിശോധിക്കാം. ചായയും കാപ്പിയുമാണ് വില്ലനെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് പകല്‍സമയത്തെ ഉറക്കക്ഷീണത്തെ മറികടക്കാൻ ഇതിലൂടെ കഴിയും.